സൗദിയിൽ വ്യത്യസ്ത ഡോസ് വാക്സിൻ സ്വീകരിക്കാം
ഒരാൾക്ക് തന്നെ വ്യത്യസ്ത കമ്പനികളുടെ വാക്സിനുകൾ സ്വീകരിക്കാൻ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി; തവക്കൽനാ ആപ്പിൽ പുതിയ സേവനങ്ങൾ
സൗദിയിൽ ഒരാൾക്ക് തന്നെ വ്യത്യസ്ത കമ്പനികളുടെ വാക്സിനുകൾ സ്വീകരിക്കാൻ ആരോഗ്യ മന്ത്രാലയം അനുമതി നൽകി. സൗദിയിൽ അംഗീകാരമുള്ള കമ്പനികളുടെ വാക്സിനുകൾ മാത്രമാണ് ഇങ്ങനെ സ്വീകരിക്കാനാകുക. ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ തവക്കൽനാ ആപ്ലിക്കേഷൻ കൂടുതൽ സേവനങ്ങളോടെ നവീകരിച്ചതായും മന്ത്രാലയം അറിയിച്ചു.
ഒരാളിൽ തന്നെ രണ്ട് വ്യത്യസ്ത കമ്പനികളുടെ വാക്സിനുകൾ രണ്ട് ഡോസായി സ്വീകരിക്കുന്നതിനെ കുറിച്ച് പഠനം നടന്നുവരുന്നതായി നേരത്തെ തന്നെ സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് ദേശീയ പകർച്ചവ്യാധി പ്രതിരോധ കമ്മറ്റി ഇതിന് അനുമതി നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചത്. രണ്ട് കമ്പനികളുടെ വാക്സിനുകൾ സ്വീകരിക്കുന്നത് ഫലപ്രദവും സുരക്ഷിതവുമാണെന്ന് അന്താരാഷ്ട ശാസ്ത്രീയ പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും കമ്മിറ്റി വ്യക്തമാക്കി. നേരത്തെ ഒരു ഡോസ് വാക്സിൻ സ്വീകരിച്ച ആൾക്ക് അതേ കമ്പനിയുടെ രണ്ടാം ഡോസ് ലഭ്യമല്ലാത്ത സാഹചര്യങ്ങളിൽ വ്യത്യസ്ത കമ്പനിയുടേത് സ്വീകരിക്കാനാണ് സൗദി ആരോഗ്യ മന്ത്രാലയം അനുമതി നൽകിയത്. എന്നാൽ സൗദിയിൽ അംഗീകാരമുള്ള വാക്സിനുകൾ മാത്രമേ ഇങ്ങിനെ സ്വീകരിക്കാൻ അനുവാദമുള്ളൂ.
ഇതോടെ സൗദിയിൽനിന്ന് സ്വീകരിച്ച വാക്സിന്റെ രണ്ടാം ഡോസ് സ്വന്തം നാട്ടിൽ ലഭിക്കാത്ത പ്രവാസിക്ക് സൗദി അംഗീകരിച്ച ഏത് വാക്സിനും രണ്ടാം ഡോസായി സ്വീകരിക്കാനാകും. ഇതോടൊപ്പം സൗദി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ തവക്കൽനാ മൊബൈൽ ആപ്ലിക്കേഷനിൽ, ഹജ്ജ് തീർത്ഥാടകർക്കുള്ള വിവിധ സേവനങ്ങൾകൂടി ഉൾപ്പെടുത്തി പരിഷ്‌കരിച്ചതായും മന്ത്രാലയം അറിയിച്ചു. ഹജ്ജ് തീർത്ഥാടകർക്ക് മക്കയിലെ പുണ്യകേന്ദ്രങ്ങൾക്കിടയിലുളള യാത്രക്കുള്ള ടിക്കറ്റുകൾ തവക്കൽനാ ആപ്പ് വഴി നേടാൻ സാധിക്കും. ആശ്രിതർക്ക് ഹജ്ജിനും ഉംറക്കുമുള്ള അനുമതിക്കായി അപേക്ഷ സമർപ്പിക്കാനും ശേഷം അപേക്ഷയുടെ സ്റ്റാറ്റസ് പരിശോധിക്കാനും പരിഷ്‌കരിച്ച ആപ്പിൽ സൗകര്യമുണ്ട്.
സ്വന്തം ആവശ്യത്തിനോ മറ്റുള്ളവർക്കോ അടിയന്തര ഘട്ടങ്ങളിൽ ആംബുലൻസ് സേവനം ആവശ്യമായാൽ റെഡ് ക്രസന്റുമായി ബന്ധപ്പെടുന്നതിനും തവക്കൽനായിലൂടെ സാധിക്കും. തവക്കൽനാ ആപ്പിൽ നിലവിൽ ഉപയോഗിച്ചുവരുന്ന മൊബൈൽ നമ്പർ മാറ്റേണ്ട സാഹചര്യമുണ്ടായാൽ, ലോഗിൻ ചെയ്യുന്നതിന് മുമ്പായി ഹെൽപ്പ് എന്ന ബട്ടൺ വഴി മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്താൽ മതി. ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങളുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പുവരുത്തിയിട്ടുണ്ടെന്നും, പുതിയ സേവനങ്ങൾ ലഭിക്കുന്നതിനായി തവക്കൽനാ ആപ്പ് അപ്‌ഡേറ്റ് ചെയ്ത് ഉപയോഗിക്കണമെന്നും സൗദി ഡാറ്റ ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി അറിയിച്ചു.