ഈ വർഷം ഹജ്ജിനിടെ മരണപ്പെട്ടത് 1301 പേർ; ഭൂരിഭാഗവും പെർമിറ്റില്ലാതെ ഹജ്ജിനെത്തിയവർ

അമ്പത് ഡിഗ്രി സെൽഷ്യസ് വരെയെത്തിയ കാലാവസ്ഥയിൽ സൂര്യാതപമേറ്റാണ് ഇവർ മരിച്ചത്

Update: 2024-06-24 15:07 GMT
Editor : Thameem CP | By : Web Desk
Advertising

മക്ക: ഹജ്ജിനിടെ 1301 പേർ മരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ അന്തിമ കണക്ക്. നേരത്തെ ആയിരത്തിലേറെ പേർ മരിച്ചെന്നായിരുന്നു റിപ്പോർട്ട്. മരിച്ചവരിൽ 83 ശതമാനം പേരും ഹജ്ജിൽ പെർമിറ്റില്ലാതെ നുഴഞ്ഞു കയറിയവരാണ്. അമ്പത് ഡിഗ്രി സെൽഷ്യസ് വരെയെത്തിയ കാലാവസ്ഥയിൽ സൂര്യാതപമേറ്റാണ് ഇവർ മരിച്ചത്. ആശുപത്രികളിൽ കഴിയുന്നവരിൽ 93 പേർക്കും ഹജ്ജ് ചെയ്യാൻ അനുമതി ഉണ്ടായിരുന്നില്ല. സാഹസം കാണിച്ചതാണ് പലരും തളർന്ന് വീഴാൻ ഇടയാക്കിയതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പതിനെട്ട് ലക്ഷത്തിലേറെ തീർത്ഥാടകരാണ് ഇത്തവണ ഹജ്ജിന് എത്തിയത്. ഇതിൽ 1301 പേർ ഹജ്ജിനിടയിൽ ഇത് വരെ മരിച്ചതായാണ് ഹജ്ജ് മന്ത്രി വെളിപ്പെടുത്തിയത്. മരിച്ചവരിൽ അധികപേരും തിരിച്ചറിയൽ രേഖകളോ മറ്റോ കൈവശം വച്ചിരുന്നില്ല. ഡിഎൻഎ അടക്കമുള്ള സാങ്കേതികവിദ്യകൾ ഉപയോഗിച്ച് മരിച്ച തീർത്ഥാടകരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മരണപ്പെട്ട ഭൂരിഭാഗം ഹാജിമാരെയും ഇതിനകം കബറടക്കുകയും ചെയ്തു. 4,65,000 പേർക്കാണ് ഹജ്ജ് വേളയിൽ ചികിത്സ നൽകിയത്. ഇതിൽ 30,000 പേർക്ക് ഓപ്പൺ-ഹാർട്ട് സർജറികൾ ഉൾപ്പടെയുള്ള ഉയർന്ന ചികത്സയാണ് ലഭ്യമാക്കിയത്. ഇത് കൂടാതെ ഹജ്ജ് വേളയിൽ 95 തീർത്ഥാടകരെ എയർ ലിഫ്റ്റിംഗ് വഴി സൗദിയുടെ വിവിധ ഭാഗങ്ങളിലുള്ള ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ചികത്സ നൽകിയവരിൽ 141,000 പേരും അനധികൃത തീർത്ഥാടകരായിരുന്നു. പെർമിറ്റ് ഉണ്ടോ ഇല്ലേ എന്ന് നോക്കാതെ തീർത്ഥാടകർക്ക് രാജ്യം സൗജന്യ ആരോഗ്യ സേവനങ്ങളാണ് നൽകി വരുന്നത്. ഈ ഹജ്ജ് സീസൺ തുടങ്ങിയത് മുതൽ 1.3 ദശലക്ഷം പേർക്ക് ചികിത്സ നൽകിയിട്ടുണ്ട്. പ്രതിരോധ കുത്തിവെപ്പ് ഉൾപ്പെടെയുള്ള ശക്തമായ മുൻകരുതലുകൾ നേരത്തെ സ്വീകരിച്ചതിനാൽ പകർച്ചവ്യാധി ഉൾപ്പെടെയുള്ള അസുഖങ്ങൾ ഇത്തവണ ഹജ്ജ് സീസണിൽ ഉണ്ടായില്ല. സൂര്യാതപം ഉൾപ്പടെയുള്ള കാലാവസ്ഥ മുന്നറിയിപ്പുകളും ബോധവൽക്കരണവും ഹാജിമാർക്ക് നേരത്തേ നല്കിയിരുന്നു. അനധികൃതമായി ഹജ്ജിനെത്തി കൃത്യമായ ടെൻഡുകളോ, ഭക്ഷണമൊ ഉറപ്പുവരുത്താതെ എത്തിയ തീർത്ഥാടകർക്കാണ് കൂടുതൽ അപകടങ്ങൾ സംഭവിച്ചിട്ടുള്ളത്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News