ഒന്നരക്കോടി സന്ദർശകർ; റിയാദ് സീസണിന് ശരിക്കും ബിഗ് ടൈം
റിയാദ്: സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡിട്ട് റിയാദ് സീസൺ. ഒക്ടോബറിൽ ആരംഭിച്ച സീസണിൽ ഒന്നര കോടിയിലേറെ സന്ദർശകരാണ് നിലവിൽ എത്തിച്ചേർന്നത്. വിവിധ ഇടങ്ങളിലായി നിരവധി പരിപാടികൾ അരങ്ങേറുന്നതിനിടയിലാണ് സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡഡ് നേട്ടം.
ആഗോള ചാമ്പ്യൻഷിപ്പുകൾ, അന്തർദേശീയ സംഗീത ഷോകൾ, വിവിധ തരം രുചികൾ, ഗാർഡനിങ്, ആധുനിക വിനോദ കേന്ദ്രങ്ങൾ തുടങ്ങി വിവിധ പരിപാടികളാണ് റിയാദ് സീസണിന്റെ ഭാഗമായി നടക്കുന്നത്. ബൊളിവാർഡ്, കിംഗ്ഡം അരീന, റിയാദ് സൂ തുടങ്ങിയ 14 വിനോദ സോണുകളിലായിട്ടാണ് പരിപാടികൾ. സുവൈദി പാർക്കിൽ 9 രാജ്യങ്ങൾ പങ്കെടുത്ത ആഘോഷ പരിപാടികൾ നിലവിൽ പൂർത്തിയാക്കിയിട്ടുണ്ട്. 49 ദിവസം നീണ്ടു നിന്ന പരിപാടികളുടെ വീഡിയോ പ്രൊഡക്ഷനിൽ മീഡിയവൺ പ്രൊഡക്ഷൻ ടീമും പങ്കാളിയായിരുന്നു.
മാർച്ച് വരെ നീളുന്ന വിവിധ പരിപാടികളാണ് സീസണിന്റെ ഭാഗമായി തുടർന്ന് കൊണ്ടിരിക്കുന്നത്. webook.com എന്ന സൈറ്റിലൂടെ രജിസ്റ്റർ ചെയ്യുന്നവർക്കായിരിക്കും ഫെസ്റ്റിലേക്ക് പ്രവേശനം അനുവദിക്കുക. പ്രവേശനം സൗജന്യമായിരിക്കുമെന്നും അധികൃതർ അറിയിച്ചു.