ഗവൺമെന്റ് പദ്ധതി ലേലത്തിൽ ഒത്തുകളി; സൗദിയിൽ 14 സ്ഥാപനങ്ങൾക്ക് പിഴ
സൗദി കോംപറ്റീഷൻ അതോറിറ്റിയുടേതാണ് നടപടി
ജിദ്ദ:സൗദിയിൽ വിവിധ ഗവൺമെന്റ് പദ്ധതികളിലെ ലേലത്തിൽ ഒത്തുകളിച്ച 14 കരാർ സ്ഥാപനങ്ങൾക്ക് പിഴ. 64 ലക്ഷം റിയാലാണ് പിഴ ഈടാക്കിയത്. വിപണിയിലെ കുത്തക പ്രവണതകളെ തടയിടുന്നതിനാണ് നിയമം കർശനമാക്കുന്നത്. ജനറൽ അതോറിറ്റി ഫോർ കോമ്പറ്റീഷന്റേതാണ് നടപടി.
വിവിധ ഗവൺമെന്റ് പദ്ധതികൾ ലേലത്തിൽ എത്തുമ്പോൾ വിവിധ കമ്പനികളുടെ പേരിൽ ഒത്തുകളിച്ചെന്നാണ് കണ്ടെത്തൽ. ഒത്തുകളിയിലൂടെ ഒരേ കമ്പനികൾ തന്നെ കരാറുകൾ സ്വന്തമാക്കും. ഇതാണ് സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിന് കാരണമായത്. റിയാദിലെ അഡ്മിനിസ്‌ട്രേറ്റീവ് കോടതിയാണ് അന്തിമവിധിയിലൂടെ പിഴ ശരി വെച്ചത്.
ഹസ്സൻ സാലീം ഹുസൈൻ അൽ കംസാൻ എസ്റ്റാബ്ലിഷ്‌മെൻറ് ഫോർ ജനറൽ കോൺട്രാക്റ്റിങ്, അൽ മഹ്ദൽ എസ്റ്റാബ്ലിഷ്‌മെന്റ്, തുടങ്ങിയ കമ്പനികളാണ് ഇതിൽ പ്രമുഖർ. സ്ഥാപനങ്ങൾക്കാകെ 64 ലക്ഷത്തിലേറെ റിയാലാണ് ചുമത്തിയ പിഴ. പിഴയൊടുക്കാതെ കമ്പനികൾകക് മറ്റു കരാറുമായി മുന്നോട്ട് പോകാനാകില്ല. നിർമാണ കോൺട്രാക്ടിങ് മേഖലകളിൽ കുത്തക അനുവദിക്കില്ലെന്നും കോംപറ്റീഷൻ അതോറിറിറ്റി മുന്നറിയിപ്പ് നൽകി. വിപണിയിൽ ശരിയായ മത്സരം പ്രോത്സാഹിപ്പിക്കാനും ഉപഭോക്താക്കൾക്ക് ഗുണം ലഭിക്കാനുമാണ് ഈ നടപടിയെന്നും അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു.