ഭർത്താവിനെ നാടുകടത്തിയതിനെ തുടർന്ന് ദുരിതത്തിലായ ശ്രീലങ്കൻ യുവതിയും കുടുംബവും നാട്ടിലേക്ക് മടങ്ങി
കെ.എം.സി.സി വനിതാ വിഭാഗം പ്രവർത്തകരുടെയും സാമൂഹ്യപ്രവർത്തകരുടെയും സഹായത്തോടെയാണ് മടക്കം
ദമ്മാം: മലയാളിയായ ഭർത്താവിനെ നാടുകടത്തിയതിനെ തുടർന്ന് റിയാദിൽ ദുരിതത്തിലായ ശ്രീലങ്കൻ യുവതിയും കുടുംബവും ഒടുവിൽ നാട്ടിലേക്ക് മടങ്ങി. മലപ്പുറം സ്വദേശി മുസ്തഫയുടെ ഭാര്യ ഖദീജയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബമാണ് വർഷങ്ങൾ നീണ്ട ദുരിതത്തിനൊടുവിൽ മടങ്ങിയത്. കെ.എം.സി.സി വനിതാ വിഭാഗം പ്രവർത്തകരുടെയും സാമൂഹ്യപ്രവർത്തകരുടെയും സഹായത്തോടെയാണ് മടക്കം.
പതിമൂന്ന് വർഷം മുമ്പാണ് ഖദീജ വീട്ടു ജോലിക്കായി സൗദിയിലെത്തിയത്. ജോലിസ്ഥലത്തെ പ്രയാസങ്ങൾ കാരണം ഒന്നര വർഷത്തിന് ശേഷം സ്‌പോൺസറുടെ വീടുവിട്ടിറങ്ങി. റിയാദിലെത്തിയ ഇവർ നിയമവിരുദ്ധമായി മറ്റൊരു കമ്പനിയിൽ ജോലിയിലേർപ്പെട്ടു. അവിടെ വെച്ച് മലപ്പുറം സ്വദേശിയായ മുസ്തഫയെ പരിചപ്പെടുകയും ഒരുമിച്ച് ജീവിതം ആരംഭിക്കുകയും ചെയ്തു. ഇതിനിടെ ഖദീജ മൂന്ന് കുട്ടികൾക്ക് ജന്മം നൽകി. എന്നാൽ ഇവർക്കൊന്നും നിയമപരമായ രേഖകൾ ഒന്നും ഉണ്ടായിരുന്നില്ല.
സന്തോഷകരമായ ജീവിതത്തിനിടെ രണ്ട് വർഷം മുമ്പാണ് ഇവരുടെ സ്വപ്നങ്ങൾ തകർത്ത് മുസ്തഫ പിടിയിലാകുന്നത്. അനധികൃത താമസക്കാർക്കായുള്ള പരിശോധനയിൽ മുസ്തഫയെ സുരക്ഷാ വിഭാഗം അറസ്റ്റു ചെയ്യുകയും പിന്നീട് തർഹീൽ വഴി നാടുകടത്തുകയും ചെയ്തു. ഇതോടെ ഖദീജയുടെയും കുട്ടികളുടെയും ജീവിതം ദുരിതത്തിലായി. വിവരമറിഞ്ഞെത്തിയ കെ.എം.സി.സി വനിത വിഭാഗം പ്രവർത്തകരാണ് പിന്നീട് തണലൊരുക്കിയത്. എട്ട് മാസം നീണ്ട പരിശ്രമത്തിനൊടുവിൽ രേഖകൾ ശരിയാക്കി ഖദീജയുടെയും കുടുംബത്തിൻറെയും സാമ്പത്തിക ബാധ്യതകൾ കൂടി തീർത്താണ് കെ.എം.സി.സി ഇവരെ യാത്രയാക്കിയത്. ദമ്മാം വിമാനത്താവളം വഴി യാത്ര തിരിച്ച കുടുംബത്തിന് സഹായവുമായി സാമൂഹ്യ പ്രവർത്തകരായ സിദ്ധീഖ് തുവ്വൂർ, നവാഹ്, നാസ് വക്കം, വെങ്കിടേഷ്, കെ.എം.സി.സി വനിത പ്രസിഡൻറ് റഹ്‌മത്ത് അഷ്‌റഫ് എന്നിവരും ഉണ്ടായിരുന്നു.