'കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണം': മേവ

വിമാനത്താവള പരിസരവാസികളോട് എയർപോർട്ട് അതോറിറ്റി സ്വീകരിക്കുന്ന ജനദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്നും മേവ ആവശ്യപ്പെട്ടു

Update: 2024-12-02 13:53 GMT
Editor : Thameem CP | By : Web Desk
Advertising

ജിദ്ദ: കോഴിക്കോട് വിമാനത്താവളത്തിലേക്ക് മേലങ്ങാടി വഴി പോകുന്ന റോഡിന്റെ ശോച്യാവസ്ഥ അടിയന്തിരമായി പരിഹരിക്കണമെന്ന് വിമാനത്താവള പരിസരവാസികളുടെ ജിദ്ദയിലെ കൂട്ടായ്മയായ മേലങ്ങാടി വെൽഫയർ അസോസ്സിയേഷൻ (മേവ) ആവശ്യപ്പെട്ടു. വർഷങ്ങളായി അറ്റകുറ്റപണികൾ നടത്താതെ പോകുന്നതിൽ മേവ എക്സികൂട്ടീവ് കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി. കൊണ്ടോട്ടിയിൽ നിന്നും വിമാനത്താവളത്തിലേക്ക് ഏറ്റവും എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന മേലങ്ങാടി-എയർപോർട്ട് റോഡ് പ്രവാസികളും നാട്ടുകാരും ഹജ്ജ്-ഉംറ തീർഥാടകരും ഒരുപോലെ ഉപയോഗിച്ച് വരുന്ന വളരെ പ്രധാനപ്പെട്ട പാതയാണ്. എന്നാൽ വലിയ ഗർത്തങ്ങൾ രൂപപ്പെട്ട് ഉപയോഗിക്കാൻ കഴിയാത്തവിധം റോഡ് തകർന്നിട്ട് വർഷങ്ങളായി. ഗർഭിണികളും വൃദ്ധരും രോഗികളും ഏറെ പ്രയാസപ്പെട്ടാണ് ഈ റോഡിലൂടെ യാത്ര ചെയ്യുന്നത്. വിമാനത്താവളത്തിൽ വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും അവിടേക്കുള്ള ഏറ്റവും പ്രധാനപ്പെട്ട ഈ റോഡിൽ വർഷങ്ങളായി യാതൊരുവിധ അറ്റകുറ്റപണികളും നടത്തിയിട്ടില്ല. ഇക്കാര്യത്തിൽ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് മേവ എക്സികൂട്ടീവ് കമ്മിറ്റി അധികൃതരോടാവശ്യപ്പെട്ടു.

വിമാനത്താവള പരിസരവാസികളോട് എയർപോർട്ട് അതോറിറ്റി സ്വീകരിക്കുന്ന ജനദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്നും മേവ ആവശ്യപ്പെട്ടു. വീടുകൾ നിർമിക്കാൻ പോലും എൻ.ഒ.സി നൽകാതെ എയർപോർട്ട് അതോറിറ്റി പരിസരവാസികളെ ദ്രോഹിക്കുന്ന നിലപാടാണ് സ്വീകരിച്ചുവരുന്നത്. പാർപ്പിടാവശ്യത്തിനായി രണ്ടുനില വീടുകൾ വരെ നിർമിക്കാൻ എൻ.ഒ.സി നൽകാമെന്നിരിക്കെ അനുമതി നൽകാതെ പരിസരവാസികളെ ദ്രോഹിക്കുന്ന നിലപാടിൽ നിന്ന് അതോറിറ്റി പിൻമാറണം. വിമാനത്താവള വികസനത്തിന് ആവശ്യമായ ഭൂമി വിട്ടുനൽകിയാൽ എൻ.ഒ.സികൾ നൽകുന്നതിൽ ഉദാര സമീപനം സ്വീകരിക്കുമെന്ന് അതോറിറ്റി ഉറപ്പ് നൽകിയതായിരുന്നു. എന്നാൽ ഇപ്പോൾ ഭൂമി ഏറ്റെടുക്കൽ പൂർത്തിയായതോടെ എൻ.ഒ.സി നൽകുന്നതിൽ നിയന്ത്രണം കർശമാക്കുന്ന നിപാടാണ് അതോറിറ്റി സ്വീകരിച്ചത്. അതേ സമയം ജനങ്ങൾ തിങ്ങി താമസിക്കുന്ന സ്ഥലത്ത് വിഷവാതകം പുറത്ത് വിടുന്ന റെഡി മിക്സിംങ് പ്ലാന്റിന് അനുമതി നൽകാൻ അതോറിറ്റി തിടുക്കം കാട്ടുകയും ചെയ്തു. ഇതെല്ലാം പരിസരവാസികളെ ദ്രോഹിക്കുന്നതിന് വേണ്ടിയാണെന്നും മേവ കുറ്റപ്പെടുത്തി.

പ്രസിഡണ്ട് ചുളളിയൻ ബഷീറിൻറെ അധ്യക്ഷതയിൽ നടന്ന എക്സികൂട്ടീവ് കമ്മിറ്റി യോഗത്തിൽ ജനറൽ സെക്രട്ട്രറി സലീം മധുവായി സ്വഗതവും, ട്രഷറർ കെ.കെ ഫൈറൂസ് നന്ദിയും പറഞ്ഞു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News