പ്രവാസി എഴുത്തുകാരി ഷബ്‌ന നജീബിൻറെ പുസ്തകം 'ജമീലത്തു സുഹ്‌റ' പ്രകാശനത്തിനൊരുങ്ങി
സിനിമാ സംവിധായകൻ ലാൽ ജോസാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്
ദമ്മാം: ദമ്മാമിലെ പ്രവാസി എഴുത്തുകാരി ഷബ്‌ന നജീബിന്റെ പ്രഥമ നോവൽ 'ജമീലത്തു സുഹ്‌റ' പ്രകാശനത്തിനൊരുങ്ങി. ഡിസംബർ അഞ്ചിന് അൽകോബാർ നെസ്റ്റോ ഓഡിറ്റോറിയത്തിൽ വെച്ച് പ്രകാശന ചടങ്ങ് നടക്കും. സിനിമാ സംവിധായകൻ ലാൽ ജോസാണ് പ്രകാശനം നിർവ്വഹിക്കുന്നത്. സൗദി കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക സാംസ്‌കാരിക, ജീവകാരുണ്യ, മാധ്യമ രംഗത്തുള്ളവർ ചടങ്ങിൽ സംബന്ധിക്കും.
പരിപാടിയുടെ സംഘാടനത്തിനായി മേഖലയിലെ വിവിധ മേഖലകളിൽ നിന്നുള്ളവരെ ഉൾപ്പെടുത്തി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. കെഎംസിസി ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് മുഹമ്മദ് കുട്ടി കോഡൂർ, സാജിദ് ആറാട്ടുപ്പുഴ, ആലിക്കുട്ടി ഒളവട്ടൂർ, നജീബ് അരഞ്ഞിക്കൽ, ഉമ്മർ ഓമശ്ശേരി, ഒ.പി. ഹബീബ്, നജ്മുസ്സമാൻ, മാലിക്ക് മഖ്ബൂൽ എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
അൽഖോബാർ കെഎംസിസി വനിത വിംഗ് പ്രസിഡന്റും സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ രംഗത്തെ സാന്നിധ്യവുമായ ഷബ്‌ന നജീബിന്റെ പ്രഥമ നോവലാണ് ജമീലത്തു സുഹ്‌റ. സോഷ്യൽ മീഡിയ ആക്ടിവിസ്റ്റും സമകാലികങ്ങളിൽ ലേഖികയുമായ ഷബ്‌ന നജീബ് രചനാരംഗത്ത് നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ഡെസ്റ്റിനി ബുക്സാണ് പ്രസാധകർ.