വെൽഡിങ്ങിനിടെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ചു; സൗദിയിൽ മലയാളി മരിച്ചു
സൗദിയിലെ അൽഖർജിലാണ് വെൽഡിങ്ങിനിടെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് മാഹി സ്വദേശി മരിച്ചത്
റിയാദ്: വെൽഡിങ്ങിനിടെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് സൗദിയിൽ മലയാളി മരിച്ചു. സൗദിയിലെ അൽഖർജിലാണ് വെൽഡിങ്ങിനിടെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് മാഹി സ്വദേശി മരിച്ചത്. വളപ്പിൽ തപസ്യ വീട്ടിൽ ശശാങ്കൻ ശ്രീജ ദമ്പതികളുടെ മകൻ അപ്പു എന്ന ശരത് കുമാറാണ് (29) മരിച്ചത്. സംഭവത്തിൽ യുപി സ്വദേശിക്ക് പരിക്കേൽക്കുകയും ചെയ്തു.
അൽഖർജ് സനയ്യായിൽ അറ്റകുറ്റപണികൾക്കായി വർക്ക്ഷോപ്പിൽ എത്തിച്ച കാറിന്റെ പെട്രോൾ ടാങ്ക് വെൽഡിങ്ങിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. തുടർന്നുണ്ടായ അഗ്‌നിബാധയിൽ പൊള്ളലേറ്റ രണ്ടുപേരെയും ഉടൻതന്നെ അൽഖർജ് കിംഗ് ഖാലിദ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ശരത് കുമാറിന്റെ പരിക്ക് ഗുരുതരമായതിനാൽ റിയാദ് കിങ് സൗദ് മെഡിക്കൽ സിറ്റിയിലേക്ക് മാറ്റുകയായിരുന്നു. എങ്കിലും ശരത്കുമാറിന്റെ ജീവൻ രക്ഷിക്കാനായില്ല. യുപി സ്വദേശിക്ക് 10 ശതമാനത്തോളം പൊള്ളലേറ്റതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
2019ൽ സൗദിയിൽ എത്തിയ ശരത്കുമാർ സ്‌പോൺസറുടെ വർക്ക് ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്നു. രണ്ട് മാസം മുൻപാണ് അവധി കഴിഞ്ഞു തിരിച്ചെത്തിയത്. അവിവാഹിതനാണ്. സഹോദരി ശിൽപ ശശാങ്കൻ റിയാദിൽ നഴ്‌സായി ജോലി ചെയ്യുന്നുണ്ട്.