ഉംറക്ക് കൊണ്ടുവന്ന ഏജൻറ് മുങ്ങിയ സംഭവം: ഭൂരിഭാഗം തീർഥാടകരും നാട്ടിലേക്ക് മടങ്ങി

മുങ്ങിയ ഏജന്റ് സംസം വെള്ളത്തിന് 100 മുതൽ 150 റിയാൽ വരെ ഈടാക്കിയതായും തീർഥാടകർ

Update: 2025-01-02 16:42 GMT
Advertising

ദമ്മാം: ഏജൻറ് മുങ്ങിയതോടെ ദമ്മാം വിമാനത്താവളത്തിൽ കുടുങ്ങിയ ഉംറ തീർഥാടകരിൽ ഭൂരിഭാഗം പേരും നാട്ടിലേക്ക് മടങ്ങി. അവശേഷിക്കുന്നവർ ഇന്ന് രാത്രിയോടെ ബാംഗ്ലൂർ വിമാനത്തിൽ യാത്ര തിരിക്കും. മംഗലാപുരം പുത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മുഹമ്മദിയ്യ ഹജ്ജ് ഉംറ ഏജൻസിക്ക് കീഴിലെത്തിയവരാണ് ദുരിതത്തിലായത്. സ്വന്തമായെടുത്ത ടിക്കറ്റുകളിലും സന്നദ്ധ സേവന കൂട്ടായ്മകളും വ്യക്തികളും നൽകിയ ടിക്കറ്റുകളിലുമായിരുന്നു മടക്ക യാത്ര.

മുഹമ്മദിയ്യ ഹജ്ജ് ഉംറ ഏജൻസി മുഖേനയെത്തിയതായിരുന്നു 164 പേർ. ഇതിന്റെ ഏജൻറായ അഷ്‌റഫ് സഖാഫിയാണ് തീർഥാടകരുടെ പണവുമായി മുങ്ങിയതെന്ന് തീർഥാടകർ പറയുന്നു. ഇതോടെയാണ് തീർഥാടകർ മദീനയിലും ദമ്മാമിലുമായി കുടുങ്ങിയത്.

വിമാന ടിക്കറ്റില്ലാതെ കുടുങ്ങിയവർ സ്വന്തം പണം ഉപയോഗിച്ചും സഹായികളുടേയും പിന്തുണയോടെ ഇന്ന് രാവിലെ മടങ്ങി തുടങ്ങി. ആദ്യ സംഘം കണ്ണൂരിലേക്കും ഉച്ചക്ക് കോഴിക്കോട്ടേക്കുമായാണ് ഇവർ യാത്രയായത്. അവശേഷിക്കുന്നവരിൽ 21 പേർ രാത്രി ബാംഗ്ലൂരുവിലേക്ക് യാത്ര ചെയ്യും. മറ്റു ചിലർ ബന്ധുക്കളുടെ കൂടെ പോയതായും ഇവർ പിന്നീട് നാട്ടിലേക്ക് മടങ്ങുമെന്നും യാത്ര സംഘത്തിലുള്ളവർ പറഞ്ഞു. വിമാനത്താവളത്തിൽ ഒരു ദിവസത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് പ്രായമായവരും രോഗികളും കൈകുഞ്ഞുള്ളവരുമായ തീർഥാടക സംഘം മടങ്ങിയത്.

ഉംറ ഏജന്റ് മുങ്ങിയതോടെ സൗദിയിലെ ഉംറ കമ്പനി ഇവർക്കായി ദമ്മാമിൽ നിന്ന് ടിക്കറ്റുകൾ ലഭ്യമാക്കിയിരുന്നു. മൂന്ന് വിമാനങ്ങളിലായാണ് യാത്ര ഷെഡ്യൂൾ ചെയ്തിരുന്നത്. മൂന്ന് ബസുകളിലായി ഇവരെ മദീനയിൽ നിന്ന് ദമ്മാമിലേക്ക് യാത്രയാക്കിയെങ്കിലും കൃത്യസയമത്തിന് റിപ്പോർട്ട് ചെയ്യാത്തതിനെ തുടർന്ന് രണ്ട് വിമാനങ്ങളും നഷ്ടമായി. മൂന്നാമത്തെ കണ്ണൂർ വിമാനം എട്ട് മണിക്കൂറിലേറെ വൈകുകയും ചെയ്തു. ഇതോടെ മുഴുവൻ പേരും ഇന്നലെ രാവിലെ മുതൽ ദമ്മാം വിമാനത്താവളത്തിൽ കുടുങ്ങി. സ്വകാര്യ ടാക്‌സിയിൽ യാത്ര ചെയ്ത ഏതാനും പേർക്ക് മാത്രമാണ് വിമാനം ലഭിച്ചത്.

വിമാനം നഷ്ടമായവർ പിന്നീട് സ്വന്തമായും സന്നദ്ധ സംഘടനകൾ വഴിയും ബന്ധുക്കൾ മുഖേനയും ടിക്കറ്റുകൾ ലഭ്യമാക്കിയാണ് മറ്റു വിമാനങ്ങളിൽ യാത്രയായത്.


ഏജന്റ് സംസം വെള്ളത്തിന് 100 മുതൽ 150 റിയാൽ വരെ ഈടാക്കിയതായും തീർഥാടകർ


സൗദിയിൽ ഉംറക്കാരുടെ പണവുമായി മുങ്ങിയ ഏജന്റ് സംസം വെള്ളത്തിന് 100 മുതൽ 150 റിയാൽ വരെ ഈടാക്കിയതായും തീർഥാടകർ. സൗദി റിയാൽ ഇന്ത്യൻ രൂപയാക്കി മാറി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പതിനായിരത്തോളം റിയാൽ കൈപ്പറ്റിയതായും ഇവർ പരാതിപ്പെട്ടു. മംഗലാപുരം പുത്തൂരിലെ മുഹമ്മദിയ്യ ഹജ്ജ് ഉംറ ഏജൻസി ഉടമ അഷ്‌റഫ് സഖാഫിക്കെതിരെയാണ് തീർഥാടകർ ഒന്നടങ്കം പരാതി ഉന്നയിക്കുന്നത്.

ഇതേ ഏജന്റ് നാല് മാസ് മുമ്പ് ഉംറ തീർഥാടകരുമായെത്തിയപ്പോഴും സമാന സംഭവങ്ങൾ നടന്നതായി തീർഥാടകരിൽ ചിലർ പറഞ്ഞു. വർഷങ്ങൾക്ക മുമ്പ് ദമ്മാമിൽ ഉംറ ഹജ്ജ് സേവനങ്ങൾ നൽകിയിരുന്ന അഷ്‌റഫ് സഖാഫി ഹജ്ജ് വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയതിനെ തുടർന്നാണ് നാട്ടിലേക്ക് മടങ്ങേണ്ടി വന്നതെന്ന് സാമൂഹിക പ്രവർത്തകരും സാക്ഷ്യപ്പെടുത്തുന്നുണ്ട്.

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News