സൗദിയിൽ ക്വാറന്റൈന്‍ നിബന്ധനകള്‍ ലംഘിച്ചവർക്കെതിരെ നടപടി

പിടിയിലായവരെ നടപടികള്‍ പൂര്‍ത്തിയാക്കി പബ്ലിക് പ്രൊസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Update: 2021-07-14 18:18 GMT
Advertising

സൗദിയില്‍ ക്വാറന്റൈന്‍ നിബന്ധനകള്‍ ലംഘിച്ച ആയിരത്തി എഴുന്നൂറിലധികം പേര്‍ക്കെതിരെ നടപടി സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം . വിദേശത്ത് നിന്നെത്തിയവർക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. പിടിയിലായവരെ നടപടികള്‍ പൂര്‍ത്തിയാക്കി പബ്ലിക് പ്രൊസിക്യൂഷന് കൈമാറിയതായി  ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

കോവിഡ് പ്രോട്ടോകോള്‍ പ്രകാരമുള്ള ക്വാറന്റൈന്‍ വ്യവസ്ഥകള്‍ ലംഘിച്ചതിന് കഴിഞ്ഞ ഒന്നര മാസത്തിനിടെ രാജ്യത്ത് 1754 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. വിദേശങ്ങളില്‍ നിന്നെത്തി ക്വാറന്റൈന്‍ നിര്‍ദ്ദേശിക്കപ്പെട്ടവരും പിടിയിലായവരില്‍ ഉള്‍പ്പെടും. റിയാദിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പിടിക്കപ്പെട്ടത്. 474 പേര്‍ക്കെതിരെയാണ് ഇവിടെ നടപടി കൈകൊണ്ടത്. കിഴക്കന്‍ പ്രവിശ്യയില്‍ 453ഉം, മക്കയില്‍ 372ഉം, മദീനയില്‍ 89ഉം, ജിസാനില്‍ 86ഉം പേര്‍ പിടിയിലായി. ഇവിരെ നടപടികള്‍ പൂര്‍ത്തിയാക്കി പബ്ലിക് പ്രൊസിക്യൂഷന് കൈമാറിയതായും ബന്ധപ്പെട്ടവര്‍ പറഞ്ഞു.

രാജ്യത്ത് കോവിഡ് പ്രൊട്ടോകോള്‍ ലംഘനം നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷയാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. രണ്ട് വര്‍ഷം വരെ തടവും രണ്ട് ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കും. ഒപ്പം ലംഘനം ആവര്‍ത്തിച്ചാല്‍ ഇരട്ടി ശിക്ഷക്കും വിധേയമാക്കും. വിദേശികളെ ശിക്ഷാ നടപടികള്‍ക്ക് ശേഷം ആജീവനാന്ത വിലക്കോടെ നടകടത്തുന്നതിനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്

Tags:    

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News