രാഹുൽ ഗാന്ധി വിഷയത്തിൽ അൽഹസ കെ.എം.സി.സി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
രാഹുൽ ഗാന്ധിയെ വേട്ടയാടാനുള്ള ബി.ജെ.പി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് സൗദി അൽഹസ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ഹുസൈൻ ബാവയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി പ്രവിശ്യ ട്രഷറർ അഷറഫ് ഗസൽ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ അബ്ദുസ്സലാം താന്നിക്കാട്ട് സ്വാഗതവും ട്രഷറർ നാസർ പാറക്കടവ് നന്ദിയും പറഞ്ഞു.
രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രമേയം സെക്രട്ടറി ഗഫൂർ വറ്റല്ലൂർ അവതരിപ്പിച്ചു. നീതിക്കുവേണ്ടി ശബ്ദിക്കാനുള്ള ഉൾവിളികളെ ഒരു കാരാഗ്രഹത്തിനും നിശബ്ദമാക്കാൻ കഴിയില്ല, കൂട്ടക്കുരുതി നടത്തി അധികാരത്തിലേറിയവർ സമാധാനകാംക്ഷികളെ വേട്ടയാടുന്ന നടപടി ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയുകയില്ല എന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.
പ്രതിഷേധ സംഗമത്തിൽ അൽ ഹസ കെ.എം.സി.സി നേതാക്കളായ അബ്ദുറഹ്മാൻ ദാരിമി, ഇബ്രാഹിംകുട്ടി താനൂർ, കബീർ മുംതാസ്, അനീഷ് പട്ടാമ്പി, കരീം പാറമ്മൽ, സുൽഫി കുന്ദമംഗലം എന്നിവർ സംസാരിച്ചു. ഏരിയ കമ്മറ്റി നേതാക്കളായ ജാഫർ തൃശൂർ, മുജീബ് കലദിയ, നാസർ സി.പി വേങ്ങര, മുജീബ് പുലാമന്തോൾ, ജമാൽ അയൂൺ എന്നിവർ പ്രതിഷേധ സംഗമത്തിന് നേതൃത്വം നൽകി.