അൽഉലയിലെ ട്രാംവേ നിർമാണ കരാർ ഫ്രഞ്ച് കമ്പനിക്ക്
ബാറ്ററിയിൽ പ്രവർത്തിക്കുന്ന ട്രാംവേക്ക് 22.4 കിലോമീറ്റർ ദൈർഘ്യമുണ്ടാകും.
Update: 2023-12-30 16:28 GMT
റിയാദ്: സൗദിയിലെ പുരാതന നഗരമായ അൽഉലായിൽ ട്രാംവേ നിർമിക്കുന്നതിന് കരാറായി. ഫ്രഞ്ച് റെയിൽ ഗതാഗത കമ്പനിയായ അൽസ്റ്റോമിനാണ് നിർമാണ കരാർ. 500 ദശലക്ഷം യൂറോ നിർമാണ ചെലവ് പ്രതീക്ഷിക്കുന്ന കരാറിൽ അൽഉലാ റോയൽ കമ്മീഷൻ ഒപ്പ് വെച്ചു.
ബാറ്ററിയിൽ പ്രവർത്തിക്കുന്ന ട്രാംവേക്ക് 22.4 കിലോമീറ്റർ ദൈർഘ്യമുണ്ടാകും. 17 സ്റ്റേഷനുകളോട് കൂടിയ 20 ട്രെയിനുകളാണ് സർവീസ് നടത്തുക. അൽഉലയിലെ അഞ്ച് ചരിത്രപ്രധാന ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പദ്ധതി. നൂതന സാങ്കേതിക വിദ്യയുപയോഗിച്ച് നിർമിക്കുന്ന ട്രെയിനുകളുടെ മെയിന്റനൻസ്, അടിസ്ഥാനസൗകര്യ വികസനം, സിഗനലിങ് സംവിധാനം എന്നിവ എ.ഐ സഹായത്തോടെ സജ്ജീകരിക്കും. 2026ൽ പ്രവർത്തനമാരംഭിക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയുടെ 10 വർഷത്തെ മെയിന്റനൻസ് സേവനങ്ങളും അൽസ്റ്റോം ഉറപ്പ് വരുത്തും.