ദമ്മാമിൽ വാഹനാപകടം: രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

നിയന്ത്രണംവിട്ട കാർ റോഡരികിലെ ഈന്തപ്പന മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

Update: 2023-06-14 05:38 GMT
Advertising

ദമ്മാം: കാർ നിയന്ത്രണംവിട്ട് റോഡരികലെ ഈന്തപ്പന മരത്തിലേക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ കാറിലുണ്ടായിരുന്ന രണ്ട് വിദ്യാർഥികൾ മരിച്ചു. ഒപ്പമുണ്ടായിരുന്ന മൂന്നാമത്തെയാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികളും ഹൈദരാബാദ് സ്വദേശികളുമായ ഇബ്രാഹിം അസ്ഹർ (16), ഹസ്സൻ റിയാസ് (18), അമ്മാർ (13) എന്നിവർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഇബ്രാഹിം അസ്ഹറും ഹസൻ റിയാസും അപകടസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ദമ്മാം സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച അമ്മാർ ഗുരുതരാവസ്ഥയിലാണ്.

ഗവർണർ ഹൗസിന് മുന്നിലുള്ള റോഡിൽ ചൊവ്വാഴ്ച വൈകീട്ടാണ് ദമ്മാമിനെ നടുക്കിയ അപകടമുണ്ടായത്. വൈകീട്ട് സുഹൃത്തുക്കൾ മൂന്നുപേരും അമ്മാറിന്റെ പിതാവിന്റെ മസ്ദ കാറുമായി പുറത്തേക്ക് പോയതായിരുന്നു. ഹസൻ റിയാസാണ് കാർ ഓടിച്ചിരുന്നത്. അതിവേഗതയിലായിരുന്ന കാർ നിയന്ത്രണംവിട്ട് റോഡരികിലുള്ള ഈന്തപ്പനയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പൂർണമായും തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് മൂവരേയും പുറത്തെടുത്തത്.

മൂഹമ്മദ് യൂസുഫ് റിയാസ്-റിസവാന ബീഗം ദമ്പതികളുടെ മകനാണ് മരിച്ച ഹസൻ റിയാസ്. ഹൈദരാബാദ് ബഹാദുർപുര സ്വദേശി മുഹമ്മദ് അസ്ഹർ-സഹീദ ബീഗം ദമ്പതികളുടെ മകനാണ് ഇബ്രാഹിം അസ്ഹർ. ഇരുവരുടേയും മൃതദേഹങ്ങൾ ദമ്മാം മെഡിക്കൽ കോംപ്ലക്‌സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മെഡിക്കൽ കോംപ്ലക്‌സിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച അമ്മാർ ഇതുവരെയും അപകടനില തരണം ചെയ്തിട്ടില്ല. വിദ്യാർഥികളുടെ മരണം ദമ്മാമിലെ ഇന്ത്യൻ പ്രവാസി സമൂഹത്തെ ആകമാനം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News