സൗദിയിൽ ആദ്യമായി ഡ്രോൺ ഡെലിവെറി സേവനത്തിന് അനുമതി
ഈ വർഷം അവസാനത്തോടെ സേവനം തുടങ്ങാനാണ് പദ്ധതി
റിയാദ്: സൗദിയിൽ ആദ്യമായി ഡ്രോണുകൾ ഉപയോഗിച്ചുള്ള ഡെലിവെറി സേവനത്തിന് അനുമതി നൽകി. ഡെലിവറി സേവനം നൽകുന്ന അമേരിക്കൻ കമ്പനിയായ മാർനെറ്റിനാണ് ലൈസൻസ് അനുവദിച്ചത്. ഈ വർഷം അവസാനത്തോടെ സേവനം തുടങ്ങാനാണ് പദ്ധതി.
ഡ്രോണുകൾ ഉപയോഗിച്ചുള്ള ഡെലിവറി സേവനത്തിനായുള്ള ആദ്യത്തെ ലൈസൻസാണ് അനുവദിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നുള്ള നടപടികൾ പൂർത്തിയായി.
എം-2 ഇനത്തിൽ പെട്ട ഡ്രോണുകളിലായിരിക്കും സേവനം. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ഇത്തരം ഡ്രോണുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് മാർനെറ്റ് ഡെലിവറി മേഖലയിലേക്ക് പ്രവേശിച്ചത്. അമേരിക്കയിലെ സിലിക്കൺ വാലിയിലായിരുന്നു സേവനം. വേഗതയേറിയതും ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹാർദ്ദ പരവുമായിരിക്കും പുതിയ സംവിധാനം. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായാണ് ഇത്തരം പദ്ധതികൾ.