സൗദിയില്‍ വിദേശിയെ അപകടത്തില്‍ പെടുത്തി മോഷണം; രണ്ട് പേര്‍ പിടിയില്‍
പ്രതികള്‍ക്കെതിരെ വധ ശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു
സൗദിയിലെ ഖത്തീഫില്‍ വിദേശിയെ കാറിടിപ്പിച്ച് കവര്‍ച്ച നടത്തിയ കേസിലെ പ്രതികള്‍ മണിക്കൂറുകള്‍ക്കകം അറസ്റ്റിലായി. സ്വദേശികളായ രണ്ട് പ്രതികള്‍ക്കെതിരെ വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രൊസിക്യൂഷന് കൈമാറിയതായും ഖത്തീഫ് ഗവര്‍ണറേറ്റ് സുരക്ഷാ വിഭാഗം അറിയിച്ചു.
ബുധനാഴ്ച രാത്രിയാണ് സൗദി കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫ് സൈഹാത്തില്‍ വെച്ച് വിദേശി ആക്രമിക്കപ്പെട്ടത്. നടന്നു പോകുകയായിരുന്ന വിദേശിയെ പിന്നില്‍ നിന്നും വാഹനവുമായെത്തിയ യുവാക്കള്‍ മനപ്പൂര്‍വം ഇടിച്ചു വീഴ്ത്തി. ശേഷം ഇദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്ന പണവും മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളും തട്ടിയെടുത്ത് പ്രതികള്‍ രക്ഷപ്പെട്ടു.
അടുത്ത കെട്ടിടത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭ്യമാക്കി അന്വേഷണം ആരംഭിച്ച സുരക്ഷാ വിഭാഗം മണിക്കൂറുകള്‍ക്കകം പ്രതികളെ വലയിലാക്കി. പ്രതികള്‍ക്കെതിരെ വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തതായും തുടര്‍ നടപടികള്‍ക്ക് പബ്ലിക് പ്രൊസിക്യൂഷന് കൈമാറിയതായും ഖത്തീഫ് ഗവര്‍ണറേറ്റ് പോലീസ് അറിയിച്ചു. പ്രതികള്‍ കുറ്റസമ്മതം നടത്തുകയും മൊഴി കോടതി മുമ്പാകെ രേഖപ്പെടുത്തുകയും ചെയ്തതായി അന്വേഷണ സംഘം വ്യക്തമാക്കി. പരിക്കേറ്റ വിദേശി ചികില്‍സക്ക് ശേഷം ആശുപത്രി വിട്ടതായും ജനറല്‍ സെക്യൂറിറ്റി വിഭാഗം അറിയിച്ചു.