റിയാദിൽ 30 ദിനവും സൗജന്യ ഇഫ്താർ
ഇഫ്താറിനൊപ്പം പഠനക്ലാസുകളും ലഭ്യം
ബത്ഹ ദഅ്‌വ അവൈർനസ് സൊസൈറ്റിയുടെയും റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്‍ററിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ എല്ലാവർഷവും നടത്താറുള്ള ഇഫ്താറിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. എല്ലാ വർഷവും റമദാനിലെ മുപ്പത് ദിനങ്ങളിലും സൗജന്യമായി നൽകുന്നതാണ് ഇഫ്താർ വിരുന്ന്.
റമദാൻ 1 മുതൽ 30 വരെ നടത്തിവരാറുള്ള സമൂഹനോമ്പുതുറക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. ബത്ത്ഹ ഷാര റെയിലില്‍ പ്രവര്‍ത്തിക്കുന്ന റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്‍ററിന്റെ പ്രധാന ഓഢിറ്റോറിയമാണ് ഇഫ്താറിന്റെ ഒരു കേന്ദ്രം. ശുമൈസി ജനറല്‍ ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഓഡിറ്റോറിയത്തിലാണ് രണ്ടാമത്തെ സൗകര്യം. ദിനം പ്രതി നോമ്പുതുറക്കാനെത്തുന്ന നൂറുകണക്കിന് പ്രവാസികളെ സ്വീകരിക്കുവാനും അവർക്കുള്ള വിപുലമായ സൗകര്യങ്ങൾ ഒരുക്കുന്നതിനും പ്രത്യേക സംഘത്തെ ഒരുക്കിയതായി സെന്‍റര്‍ പ്രസിഡന്റ് അബ്ദുൽ ഖയ്യൂം ബുസ്താനി പറഞ്ഞു.
ഇസ്‌ലാമിക മന്ത്രാലയത്തിന്റെ പ്രത്യേക അംഗീകാരത്തോടെയാണ് ഇഫ്താർ സംഘടിപ്പിക്കുന്നതെന്നും ഭാരവാഹികൾ അറിയിച്ചു. റമദാനിലെ എല്ലാ ദിനങ്ങളിലും അസര്‍ നമസ്കാരത്തോടെ ഇഫ്താര്‍ ഓഡിറ്റോറിയം പ്രവർത്തനമാരംഭിക്കും. ഇസ്‌ലാമിക വിജ്ഞാന സദസ്സുകളും, വിഷയാധിഷ്ഠിത പഠന ക്ലാസ്സുകളും ലേൺ ദി ഖുർആൻ പാഠപുസ്തക സൗജന്യ വിതരണവും ഇഫ്താറിനോട് അനുബന്ധിച്ച് സംഘടിപ്പിക്കുമെന്ന് ബത്ഹ ദഅ്‌വ അവൈർനസ് സെന്റർ മലയാള വിഭാഗത്തിലെ മുഹമ്മദ് കുട്ടി കടന്നമണ്ണ അറിയിച്ചു.