സൗദിയിൽ മാലിന്യ നിർമാർജനത്തിന് പൊതുനിർദേശം; ലംഘിച്ചാൽ വൻ തുക പിഴ
മാലിന്യ സംസ്‌കരണത്തിനുള്ള ചട്ടങ്ങളും നിയമ ലംഘനങ്ങളുടെ തോതും നിശ്ചയിച്ച് ദേശീയ മാലിന്യ നിര്‍മ്മാര്‍ജ്ജന കേന്ദ്രം പട്ടിക പുറത്തിറക്കി.
റിയാദ്: സൗദിയില്‍ അലക്ഷ്യമായി മാലിന്യം വലിച്ചെറിഞ്ഞാല്‍ ഇനി പിഴ വീഴും. മാലിന്യ സംസ്‌കരണത്തിനുള്ള ചട്ടങ്ങളും നിയമ ലംഘനങ്ങളുടെ തോതും നിശ്ചയിച്ച് ദേശീയ മാലിന്യ നിര്‍മ്മാര്‍ജ്ജന കേന്ദ്രം പട്ടിക പുറത്തിറക്കി. നിയമ ലംഘകര്‍ക്ക് ആയിരം മുതല്‍ അരലക്ഷം റിയാല്‍ വരെ പിഴ ചുമത്തും.
സൗദി ദേശീയ മാലിന്യ നിര്‍മ്മാര്‍ജന കേന്ദ്രമാണ് രാജ്യത്ത് മാല്യന്യ നിര്‍മ്മാര്‍ജനത്തിനും സംസ്‌കരണത്തിനുമുള്ള ചട്ടങ്ങള്‍ പ്രഖ്യാപിച്ചത്. കേന്ദ്രത്തിന്റെ നിബന്ധനകള്‍ക്ക് വിധേയമല്ലാത്ത മാലിന്യ സംസ്‌കരണത്തിന് ഇനി മുതല്‍ കനത്ത പിഴയൊടുക്കേണ്ടി വരും. മാലിന്യ സംഭരണത്തിനായി സ്ഥാപിക്കുന്ന ഉപകരണങ്ങളിലല്ലാതെ നിക്ഷേപിക്കുന്നതും പരിശോധന നടത്തുന്നതും ശേഖരിച്ച മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചിടുന്നതും കുറ്റമായി പരിഗണിക്കും.
ഇവയില്‍ നിന്നും പുനരുപയോഗസാധ്യമായ വസ്തുക്കള്‍ വേര്‍തിരിച്ചെടുക്കുന്നതും ലംഘനമായി കണക്കാക്കും. ഇത്തരക്കാര്‍ക്ക് ആയിരം മുതല്‍ പതിനായിരം റിയാല്‍ വരെ പിഴ ചുമത്തും. കെട്ടിടങ്ങളുടെ നിര്‍മ്മാണ പുനര്‍നിര്‍മ്മാണ മാലിന്യങ്ങള്‍ മൂന്നാം കക്ഷിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിക്ഷേപിക്കുന്നത് അരലക്ഷം റിയാല്‍ വരെ പിഴ ലഭിക്കുന്നതിന് ഇടയാക്കും.
കെട്ടിടങ്ങള്‍ പൊളിച്ച് മാലിന്യം കൃത്യമായി നീക്കം ചെയ്യാതിരുന്നാല്‍ ഇരുപതിനായിരം റിയാലും, വീടുകളില്‍ നിന്ന് ഒഴിവാക്കുന്ന ഫര്‍ണിച്ചര്‍ മാലിന്യങ്ങള്‍ നിയുക്തമല്ലാത്ത ഇടങ്ങളില്‍ നിക്ഷേപിച്ചാല്‍ ആയിരം റിയാലും പിഴ ഈടാക്കും. വ്യക്തികള്‍ നടക്കുമ്പോഴോ വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോഴോ കെട്ടിടങ്ങളില്‍ നിന്നോ മാലിന്യം അലക്ഷ്യമായി വലിച്ചെറിഞ്ഞാല്‍ 200 മുതല്‍ ആയിരം റിയാല്‍ വരെയും പിഴ ചുമത്തും.