യമനിൽ സമാധാനത്തിന് സർക്കാറും ഹൂതികളും; സ്വാഗതം ചെയ്ത് സൗദി അറേബ്യ

ഹൂതികളും യമനിലെ ഭരണകൂടവും സഹകരണത്തിലേക്ക് നീങ്ങുന്നതിനായി കരാറിലെത്തി

Update: 2024-07-24 19:54 GMT
Advertising

റിയാദ്: ഹൂതികളും യമനിലെ ഭരണകൂടവും സഹകരണത്തിലേക്ക് നീങ്ങുന്നതിനായി കരാറിലെത്തി. ഐക്യരാഷ്ട്ര സഭയുടെ യമനിലേക്കുള്ള മധ്യസ്ഥൻ ഹൻസ് ഗ്രണ്ട്ബർഗാണ് നിർണായക കരാറിന് ചുക്കാൻ പിടിച്ചത്. ഹൂതികളും യമനി ഭരണകൂടവും പരസ്പരമുള്ള ഉപരോധങ്ങൾ ഘട്ടംഘട്ടമായി അവസാനിപ്പിക്കും. ഇതിന്റെ ഭാഗമായി ഹൂതി നിയന്ത്രണത്തിലുള്ള സൻആയിലേക്ക് ഔദ്യോഗിക വിമാനക്കമ്പനിയായ യമനിയ്യക്ക് കൂടുതൽ സർവീസിന് അനുമതി നൽകും. ഇതോടെ ജോർദാനിലേക്ക് കൂടുതൽ സർവീസുകൾ സൻആയിൽ നിന്ന് നടത്തും. ഇതുകൂടാതെ ഇന്ത്യയിലേക്കും ഈജിപ്തിലേക്കും നേരിട്ട് സർവീകളുണ്ടാകും. ഇതിനായുള്ള ഭരണതലത്തിലെ ചർച്ചകൾ പൂർത്തിയാക്കാനും ധാരണയിലെത്തി.

ഹൂതികളും സർക്കാറും നിയന്ത്രിക്കുന്ന മേഖലകളിൽ ബാങ്കുകൾക്കെതിരായ ഉപരോധവും പരസ്പരം അവസാനിപ്പിക്കാനും തീരുമാനമായി. ഏറെ സങ്കീർണമായ പ്രശ്‌നങ്ങൾക്ക് ശേഷമാണ് സഹകരണ നീക്കം. ഹൂതികൾക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയതോടെ യമനിയ വിമാനങ്ങൾ ഹൂതികൾ പിടിച്ചെടുത്തിരുന്നു. ഉപരോധം മറികടക്കാൻ ഹൂതികൾ സ്വന്തമായി കറൻസിയും പിടിച്ചെടുത്തു. സർക്കാറിന്റെ എണ്ണക്കമ്പനികളിൽ ആക്രമണം നടത്തുകയും യുദ്ധം വീണ്ടും തുടങ്ങുമെന്നും പ്രഖ്യാപിച്ചു. ഇതോടെയാണ് സൗദി പിന്തുണയോടെ യു.എൻ വീണ്ടും ചർച്ച നടത്തിയത്. അവസാനിപ്പിച്ച ഉപരോധങ്ങൾ ഭാവിയിലുണ്ടാകില്ലെന്നും കരാറിലുണ്ട്. ഹൂതികൾക്ക് സർക്കാർ കീഴടങ്ങിയെന്ന് ചിലർ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നതായി അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സമവായത്തിലെത്തിയതോടെ യമനിലെ ആഭ്യന്തര യുദ്ധം വസാനിപ്പിക്കാൻ സൗദി തയ്യാറാക്കിയ പദ്ധതിയും ഇരുവരും ചർച്ച ചെയ്യും. നീക്കം സൗദി അറേബ്യ സ്വാഗതം ചെയ്തു. സൗദിക്ക് ഐക്യരാഷ്ട്രസഭാ മധ്യസ്ഥനും നന്ദിപറഞ്ഞു. യമനിലെ നിയമാനുസൃത ഭരണകൂടവുമായി ഒരു പതിറ്റാണ്ടിലേറെയായി യുദ്ധത്തിലാണ് ഹൂതി വിമതർ. ഇവരെ അംഗീകരിക്കാൻ യമനിലെ സൗദി പിന്തുണയുള്ള ഔദ്യോഗിക ഭരണകൂടവും തയ്യാറായിരുന്നില്ല. വർഷങ്ങൾ നീണ്ട യുദ്ധത്തിനൊടുവിൽ തലസ്ഥാനമായിരുന്ന സൻആ ഉൾപ്പെടെ പ്രധാന ഭാഗങ്ങൾ ഇന്ന് ഹൂതി നിയന്ത്രണത്തിലാണ്. പ്രധാന തുറമുഖമായിരുന്ന ഹുദൈദയും ഹൂതികൾ പിടിച്ചതോടെ ഔദ്യോഗിക ഭരണകൂടം ഉപരോധ സമാനമായ സ്ഥിതിയിലെത്തിയിരുന്നു.

പുതിയ നീക്കം യമനിൽ സമാധനത്തിലേക്കുള്ള വഴി തുറന്നേക്കും. യമൻ യുദ്ധം അവസാനിപ്പാക്കുനുള്ള തീവ്ര ശ്രമത്തിലാണ് സൗദിയും. ഭരണം പുനസ്ഥാപിക്കാനും അടിസ്ഥാന സൗകര്യമൊരുക്കാനും കോടികളാണ് സൗദി ചിലവഴിക്കുന്നത്. ഹൂതികളുമായി സൗദി റിയാദിൽ ചർച്ചയും നടത്തിയിരുന്നു. ഇസ്രയേലൊഴികെ മുഴുവൻ അയൽ രാജ്യങ്ങളുമായി പ്രശ്‌നങ്ങളവസാനിപ്പിച്ച് സമാധാനപാതയിലാണ് സൗദി. യമൻ യുദ്ധം അവസാനിക്കുന്നതോടെ ഈ രാജ്യവുമായി അതിരുള്ള സൗദി പ്രവിശ്യകളിൽ ടൂറിസം വികസിപ്പിക്കാനും യമനുമായി ചേർന്ന് സൗദിക്ക് ആലോചനയുണ്ട്.


Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News