ഇന്ത്യൻ ഹാജിമാർക്ക് ഇത്തവണ ഹറമൈൻ ട്രെയിൻ സേവനം
ഇതാദ്യമായി ഇത്തവണ മിന പരിധിക്കുളളിൽ തന്നെ ഇന്ത്യൻ ഹാജിമാർക്ക് താമസ സൗകര്യം ലഭിക്കും
ജിദ്ദ: ഇന്ത്യൻ ഹാജിമാർക്ക് ഇത്തവണ ഹറമൈൻ ട്രെയിൻ സേവനം ലഭ്യമാക്കുമെന്ന് ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം. ഇതാദ്യമായി ഇത്തവണ മിന പരിധിക്കുളളിൽ തന്നെ ഇന്ത്യൻ ഹാജിമാർക്ക് താമസ സൗകര്യം ലഭിക്കും. മദീനയിലും ഹറമിനോട് ചേർന്നാണ് ഇത്തവണ താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്ഥമായി നിരവധി പുതിയ സേവനങ്ങൾ ഇത്തവണ ഇന്ത്യൻ ഹാജിമാർക്കായി ഒരുക്കിയിട്ടുണ്ടെന്നും കോൺസൽ ജനറൽ ജിദ്ദയിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ഇതാദ്യമായാണ് ഇന്ത്യൻ ഹാജിമാർക്ക് ജിദ്ദ വിമാനത്താവളത്തിൽ നിന്ന് ഹറമൈൻ ട്രെയിനിൽ നേരിട്ട് മക്കയിലേക്ക് യാത്ര ചെയ്യാനാകുക. മുംബൈ എംബാർക്കേഷൻ പോയിന്റിൽ നിന്ന് ജിദ്ദയിലെത്തുന്ന തീർഥാടകർക്കാണ് ഈ സൗകര്യം ലഭിക്കുക. ഇതുവരെ ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ 52,000 ഇന്ത്യൻ ഹാജിമാർ മക്കയിലും മദീനിയിലുമെത്തി. മദീനയിൽ ഭൂരിഭാഗം ഇന്ത്യൻ തീർഥാടകർക്കും ഹറമിനോട് അടുത്തുള്ള മർക്കസിയ്യ ഏരിയിയിൽ തന്നെ താമസ സൗകര്യം ഒരുക്കാനായതും ഈ വർഷത്തെ പ്രത്യേകതയാണ്. കൂടാതെ ഇത്തവണ ആദ്യമായി മിനയിലും മിനാ പരിധിക്കുള്ളിൽ വരുന്ന 2,3,4 സോണുകളിൽ തന്നെ താമസ സൗകര്യം ലഭിച്ചു. അറഫയിൽ കൂളറുകൾക്ക് പകരം ഇത്തവണ എയർകണ്ടീഷനിംഗ് ചെയ്ത താമസ സൗകര്യവും ഇന്ത്യൻ ഹാജിമാർക്ക് നൽകുമെന്ന് കോൺസൽ ജനറൽ പറഞ്ഞു.
മൂന്ന് മനോരോഗ വിദഗധരുൾപ്പെടെ 180 ഡോക്ടർമാരും പാരാ മെഡിക്കൽ സ്റ്റാഫുകളുമുൾപ്പെടെ 350 മെഡിക്കൽ വിദഗ്ധർ ഇത്തവണ ഹാജിമാരുടെ സേവനത്തിനായി നാട്ടിൽ നിന്നെത്തും. കൂടാതെ 200 തീർഥാടകർക്ക് ഒരാൾ എന്ന തോതിൽ സന്നദ്ധ സേവകരും നാട്ടിൽ നിന്ന് വരും. മുൻ വർഷങ്ങളിൽ ഇത് മുന്നൂറ് തീർഥാടകർക്ക് ഒരാൾ എന്ന തോതിലായിരുന്നു. ഇവരുടെ പ്രവർത്തനങ്ങൾ ശക്തമായി നിരീക്ഷിക്കുമെന്നും ആവശ്യമായ ഘട്ടങ്ങളിൽ ഹാജിമാർക്ക് സേവനം നൽകാതിരുന്നാൽ നടപടികൾ സ്വീകരിക്കുമെന്നും സിജി പറഞ്ഞു. 5000 ത്തോളം മഹറമില്ലാത്ത വനിതാ തീർഥാടകരാണ ഇത്തവണ എത്തുന്നത്. ഇവർക്ക് പ്രത്യേകമായ പരിചരണം നൽകാനായി മുപ്പതോളം വനിതാ ഉദ്യഗസ്ഥരുമുണ്ടാകും. പൊതു ഇടങ്ങളിൽ വീണ് കിടക്കുന്ന സാധനങ്ങളെടുക്കാനോ അവ സുരക്ഷ ഉദ്യോഗസ്ഥരെ ഏൽപ്പിക്കാനോ സുരക്ഷ ഉദ്യോഗസ്ഥരുമായി വാക്ക് തർക്കത്തിലേർപ്പെടാനോ ഹാജിമാർ മുതിരരുത്. ഇത്തരം കാര്യങ്ങളെല്ലാം പല പ്രശ്‌നങ്ങൾക്കും വഴിവെക്കുമെന്നും കോൺസൽ ജനറൽ ഓർമിപ്പിച്ചു. ഹജ്ജ് കോൺസൽ മുഹമ്മദ് അബ്ദുൽ ജലീൽ, പ്രസ് ഇൻഫർമേഷൻ കൾച്ചർ കോമേഴ്സ് കോൺസൽ മുഹമ്മദ് ഹാഷിം എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.