സൗദിയിൽ താമസ കെട്ടിടങ്ങളുടെ വാടകയില്‍ വൻ വര്‍ധന; പരാതിയുമായി ഉപഭോക്താക്കള്‍
വാടക വര്‍ധനവിന് മാനദണ്ഡങ്ങള്‍ നടപ്പാക്കണമെന്ന് ആവശ്യം
ദമ്മാം: രാജ്യത്ത് താമസ കെട്ടിടങ്ങളുടെ വാടക അനിയന്ത്രിതമായി വര്‍ധിച്ചു വരുന്നതായി ആക്ഷേപം. കെട്ടിട ഉടമകളും റിയല്‍ എസ്റ്റേറ്റ് ഏജന്‍സികളും യാതൊരു നിയന്ത്രണവും പാലിക്കാതെയാണ് വാടക വര്‍ധിപ്പിക്കുന്നതെന്നും സ്വദേശികളും വിദേശികളുമായ വാടക താമസക്കാര്‍ പരാതിപ്പെടുന്നു.
25,000 മുതല്‍ 30,000 റിയാല്‍ വരെ വാര്‍ഷിക വാടകയുള്ള കെട്ടിടങ്ങള്‍ക്ക് രണ്ട് മുതല്‍ മൂന്ന് വര്‍ഷത്തിനിടെ 10,000 റിയാല്‍ വരെ വര്‍ധനവ് വരുത്തി. വാടക വര്‍ധനവിന് കൃത്യമായ മാനദണ്ഡങ്ങള്‍ മന്ത്രാലയം നിർദേശിക്കാത്തതും അനിയന്ത്രിത നിരക്ക് വര്‍ധനവിന് ഇടയാക്കുന്നുണ്ട്.
പുതുവര്‍ഷത്തില്‍ വാടക തുകയുള്‍പ്പെടെയുള്ളവ ഈജാര്‍ വഴിയാക്കിയ മന്ത്രാലയ നിർദേശത്തെ സ്വാഗതം ചെയ്യുന്നതോടൊപ്പം വാടക വര്‍ധനവിനും മാനദണ്ഡങ്ങള്‍ നടപ്പാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. രാജ്യത്ത് താമസ കെട്ടിടങ്ങളുടെ നിർമാണത്തില്‍ വന്ന കുറവ്, വിസ നടപടികള്‍ ലഘൂകരിച്ചതോടെ രാജ്യത്തേക്കെത്തുന്ന വിദേശികളുടെ എണ്ണത്തിലുണ്ടായ ഗണ്യമായ വര്‍ധനവ് എന്നിവ താമസ കെട്ടിടങ്ങളുടെ ആവശ്യകത വര്‍ധിക്കാൻ കാരണമായതായി റിയല്‍ എസ്റ്റേറ്റ് രംഗത്തുള്ളവര്‍ പറയുന്നു.