കഅബയുടെ കിസ്‌വ മാറ്റൽ കർമം നാളെ
സ്വദേശി പ്രമുഖരും വിദേശ പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും
മക്ക: വിശുദ്ധ കഅബയുടെ കിസ്‌വ മാറ്റൽ കർമം ഹിജ്‌റ വർഷാരംഭ ദിനമായ നാളെ നടക്കും. ഇതിനുള്ള ഒരുക്കം പൂർത്തിയാക്കിയതായി ഇരുഹറം കാര്യാലയം അറിയിച്ചു. സ്വദേശി പ്രമുഖരും വിദേശ പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും. കഅബയുടെ പഴയ പുടവ മാറ്റി പുതിയത് അണിയിക്കുകയാണ് ചടങ്ങ്. ഏകദേശം 1000 കിലോ പ്രകൃതിദത്തമായ പട്ടുനൂലും 120 കിലോ സ്വർണ്ണ നൂലും 100 കിലോ വെള്ളി നൂലും ഉപയോഗിച്ചാണ് കിസ്‌വ നെയ്യുന്നത്.
മക്കയിലെ ഉമ്മുൽ ജൂദ് കിങ് അബ്ദുൽ അസീസ് ഫാക്ടറി യിലാണ് ഇതിന്റെ നിർമാണം നടക്കുന്നത്. കിസ്‌വ നിർമ്മാണത്തിന് ആവശ്യമായ വിപുലമായ സംവിധാനങ്ങളോടെയാണ് ഫാക്ടറി പ്രവർത്തിക്കുന്നത്. കിസ്വയുടെ മുകളിലായി ഖുർആനിക വചനങ്ങൾ കരകൗശല വിദഗ്ധർ നെയ്‌തെടുത്തിട്ടുണ്ട്. ഉയരം 14 മീറ്ററാണ്. മുകളിൽ നിന്ന് താഴേക്ക് മൂന്നിലൊന്ന് ഭാഗത്ത് 95 സെൻറീമീറ്റർ വീതിയിൽ ബെൽറ്റുമുണ്ട്. ഇതിന്റെ ആകെ നീളം 47 മീറ്ററാണ്.
കഅബയുടെ വാതിൽ കാർട്ടനും പ്രതേകമായി തയാറാക്കിയിട്ടുണ്ട്. കിസ്‌വ നിർമ്മിക്കുന്ന കിംഗ് അബ്ദുൽ അസീ്‌സ് കോംപ്ലക്‌സും കിസ്‌വയുടെ പരിപാലന അതോറിറ്റിയായ ജനറൽ അഡ്മിനിസ്‌ട്രേഷനും ഇരുഹറം കാര്യാലയവുമാണ് കിസ്‌വ മാറ്റൽ ചടങ്ങിന് നേതൃത്വം വഹിക്കുക. വിദേശ പ്രതിനിധികളും സ്വദേശീ പ്രമുഖരും പണ്ഡിതരും ചടങ്ങിന് സാക്ഷിയാവാൻ എത്തും.