'എം.ടി സർഗാത്മക രംഗത്തെ സൂപ്പർസ്റ്റാർ'; ഗുഡ്‌വിൽ ഗ്ലോബൽ ഇനിഷ്യേറ്റീവ്
ജിദ്ദ: സർഗാത്മകതയുടെ സമസ്ത മേഖലകളിലും അസാധാരണവും വിസ്മയജനകവുമായ അടയാളപ്പെടുത്തലുകൾ നടത്തിയ സൂപ്പർ സ്റ്റാറായിരുന്നു എം.ടി വാസുദേവൻ നായരെന്ന് ഗുഡ്വിൽ ഗ്ലോബൽ ഇനിഷ്യേറ്റീവ് (ജിജിഐ) അനുസ്മരിച്ചു. മലയാളസാഹിത്യത്തിന്റെ യശസ്സ് ഭൂഗോളത്തിന്റെ അതിരുകൾ കടത്തിയ, അറിവിന്റെ സാഗരമായിരുന്ന പ്രതിഭാശാലിയായിരുന്നു അദ്ദേഹമെന്ന് ജിജിഐ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
തീക്ഷ്ണ ജീവിതാനുഭവങ്ങളും മാനവികകാഴ്ചപ്പാടുകളും രചനകളിലെ കാമ്പും കാതലുമായി സ്വീകരിച്ചതിനാൽ അദ്ദേഹത്തിന്റെ രചനകൾ കാലാതിവർത്തിയായി മാറിയെന്ന് ജിജിഐ ചൂണ്ടിക്കാട്ടി. ആൾക്കൂട്ടത്തിൽ തനിയെയാവുകയും എന്നാൽ ആൾക്കൂട്ടത്തിന്റേതാവുകയും ചെയ്ത മലയാളകഥാലോകത്തെ ഇതിഹാസ നായകനായിരുന്നു അദ്ദേഹം. ഏത് തരം വായനക്കാരനും പ്രേക്ഷകനും ഹൃദ്യമായ ബെസ്റ്റ് സെല്ലർ പുസ്തകങ്ങളും മെഗാഹിറ്റ് ചലച്ചിത്രങ്ങളുമായി ആസ്വാദകരുടെ ഹൃദയത്തിൽ സ്ഥാനമുറപ്പിച്ച അതുല്യപ്രതിഭയായിരുന്നു എം.ടി. ജീവിതത്തിന്റെ തീക്ഷ്ണയാഥാർഥ്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കാൻ അക്ഷരങ്ങളെ ആയുധമാക്കിയ പ്രതിഭാധനന് ജിജിഐ ആദരാഞ്ജലി അർപ്പിക്കുന്നു.