പുതിയ പദ്ധതികൾ നടപ്പാക്കാനൊരുങ്ങി സൗദിയിലെ കിങ് സൽമാൻ റിലീഫ് സെന്റർ
ലോകാരോഗ്യ സംഘടനയുമായി സഹകരിച്ചാണ് പദ്ധതികൾ നടപ്പാക്കുന്നത്
റിയാദ്: ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് പുതിയ പദ്ധതികൾ നടപ്പാക്കാനൊരുങ്ങി സൗദിയിലെ കിങ് സൽമാൻ റിലീഫ് സെന്റർ. സംഘർഷങ്ങൾ ശക്തമായ പ്രദേശങ്ങളിലാണ് അഞ്ചോളം പുതിയ പദ്ധതികൾ നടപ്പിലാക്കുക. സ്ത്രീകളും കുട്ടികളും ദുരിതമനുഭവിക്കുന്ന മേഖലകൾ കേന്ദ്രീകരിച്ചും പ്രവർത്തനം ശക്തിപ്പെടുത്തും.
ജനീവയിൽ നടന്ന ലോകാരോഗ്യ സംഘടനയുടെ സമ്മേളനത്തിൽ വെച്ചാണ് സൗദിയുടെ പുതിയ പ്രഖ്യാപനം. കിംഗ് സൽമാൻ റിലീഫ് സെന്റർ ജനറൽ സൂപ്പർവൈസർ ഡോ. അബ്ദുല്ല അൽ റബിയയാണ് ലോകാരോഗ്യ സംഘടനയുമായി സഹകരിച്ചുള്ള പുതിയ പദ്ധതി പ്രഖ്യാപിച്ചത്.
സമ്മേളനത്തിൽ വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകാരോഗ്യ പ്രതിസന്ധികളെ മറികടക്കാൻ വിപുലമായ തന്ത്രങ്ങൾ ആവശ്യമാണ്. തെളിവുകൾ അടിസ്ഥാനമാക്കിയുള്ള പ്രതിരോധ മാർഗ്ഗങ്ങളാണ് നടപ്പിലാക്കേണ്ടത്.
ഭാവിയിൽ ആരോഗ്യ പ്രതിസന്ധികളെ നേരിടാൻ സമൂഹത്തിന്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കണമെന്നും അൽ റബീയ പറഞ്ഞു. കൂടാതെ കിങ് സൽമാൻ റിലീഫ് സെന്ററിന്റെ പ്രവർത്തനങ്ങളെയും അദ്ദേഹം വിലയിരുത്തി. 2015 മുതൽ 6 ബില്ല്യണിലധികം ഡോളറിന്റെ സഹായമാണ് റിലീഫ് സെന്റർ നടപ്പിലാക്കിയത്്. 95 രാജ്യങ്ങളിലായി 2,670 സഹായ പദ്ധതികൾക്ക് നേതൃത്വം നൽകിയതായും വ്യക്തമാക്കി. ജനങ്ങളുടെ ആരോഗ്യം ശക്തിപ്പെടുത്താനും ദുരിതമനുഭവിക്കുന്ന ജനതക്ക് പിന്തുണ നൽകാനും ഒന്നിച്ചു നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.