51 കോടി രൂപ ചെലവ്, ഇരുന്നൂറിലേറെ തൊഴിലാളികളുടെ അധ്വാനം; കഅ്ബയെ പുതിയ കിസ് വ അണിയിച്ചു
120 കിലോഗ്രാം സ്വർണ്ണ നൂലും, 100 കിലോഗ്രാം വെള്ളി നൂലും ഇതിനാവശ്യമാണ്. ഖുറാൻ വചനങ്ങളാണിതിൽ രേഖപ്പെടുത്തുക.
വിശുദ്ധ കഅ്ബയുടെ ഉടയാടയായ കിസ് വ മാറ്റി പുതിയത് അണിയിച്ചു. ഹറം കാര്യാലയ മേധാവികളുടെ നേതൃത്വത്തിൽ കിസ് വ ഫാക്ടറി ഉദ്യോഗസ്ഥരും ഹറം കാര്യാലയ ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് ചടങ്ങ് നടത്തിയത്.
51 കോടിയിലേറെ രൂപ ചെലവ് വരുന്ന പുതിയ പുടവ നിർമിച്ചത് ഇരുന്നൂറിലേറെ തൊഴിലാളികൾ ചേർന്നാണ്. ഇന്നലെ രാത്രി എട്ടര മണിയോടെ മക്കയിലെ കിസ്‌വാ ഫാക്ടറിയിൽ നിന്നുള്ള ട്രക്ക് ഹറം പള്ളിക്കരികിലെത്തി. പ്രവാചകന്റെ കാലം മുതലേ കഅ്ബയുടെ സൂക്ഷിപ്പുകാരായ കുടുംബത്തിന്റെ സാന്നിധ്യം ചടങ്ങിലുണ്ടാകും. അവരാണ് കിസ്‌വയേറ്റു വാങ്ങുന്നത്.കഅ്ബയെ അണിയിക്കുന്ന മൂടുപടമായ കിസ്‌വ പുടവ അത് നിർമിച്ച തൊഴിലാളികൾ തന്നെ തോളിലേറ്റി. പിന്നെ കഅ്ബക്കരികിലേക്ക്.
15 മീറ്റർ ഉയരവും 12 മീറ്റർ വരെ നീളവുമുണ്ടാകും കിസ്‌വയുടെ നാലു പ്രധാന കഷ്ണങ്ങൾക്ക്. ഇറ്റലിയിൽ നിന്ന് ഇറക്കുമതി ചെയ്ത പട്ട് പരുത്തിയുമായി ചേർത്താണ് ഇത് നെയ്യുന്നത്. ജർമ്മനിയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വെള്ളിയും സ്വർണം പൂശിയ നൂലും ഉപയോഗിച്ച് അലങ്കരിക്കും. ഏകദേശം 670 കിലോഗ്രാം കറുപ്പ് ചായം പൂശിയ അസംസ്‌കൃത പട്ട് കിസ്വയിൽ ഉപയോഗിക്കുന്നുണ്ട്. 120 കിലോഗ്രാം സ്വർണ്ണ നൂലും, 100 കിലോഗ്രാം വെള്ളി നൂലും ഇതിനാവശ്യമാണ്. ഖുറാൻ വചനങ്ങളാണിതിൽ രേഖപ്പെടുത്തുക.
ഇരുന്നൂറോളം തൊഴിലാളികൾ പത്ത് മാസമെടുത്താണ് കഅ്ബക്കുള്ള പുത്തൻ പുടവ തയ്യാറാക്കുന്നത്. അത് കഅ്ബക്കരികിലേക്ക് എത്തുന്നതിന് മുന്നോടിയായി പഴയ പുടവയുടെ കെട്ടഴിച്ചിടും. വർഷത്തിലൊരിക്കൽ കഅ്ബയുടെ യഥാർഥ രൂപം വിശ്വാസികൾ കാണുന്നതും ഈ സമയത്താണ്.
ഹജ് തീർഥാടനത്തിലെ പ്രധാന കർമമായ അറഫാ സംഗമ ദിനത്തിൽ പ്രഭാത നമസ്‌കാരത്തോടെയാണ് സാധാരണ കഅ്ബയ്ക്ക് പുതിയ കിസ്വ അണിയിക്കുക. പക്ഷേ, ഇത്തവണ ഹജ്ജിലെ തിരക്കും കോവിഡ് സാഹചര്യവും കാരണം അറബ് കലണ്ടറായ ഹിജ്‌റ വർഷമാരംഭിക്കുന്ന ഇന്നേക്ക് മാറ്റുകയായിരുന്നു. നാല് മണിക്കൂർ വേണം കിസ്‌വ പുടവ കഅ്ബയെ അണിയിക്കാൻ.
കഴിഞ്ഞ വർഷം കോവിഡ് കാരണം ആളൊഴിഞ്ഞ ഹറമിലായിരുന്നു ഈ ചടങ്ങ്. ഇത്തവണ നാട്ടിലേക്ക് മടങ്ങാൻ ബാക്കിയുള്ള ഹജ്ജ് തീർഥാടകരെ സാക്ഷി നിർത്തിയായിരുന്നു ചടങ്ങെല്ലാം.
പരമ്പരാഗത ഈജിപ്ഷ്യൻ കരകൗശല വിദഗ്ധരാണ് പണ്ട് കിസ്‌വ നിർമിച്ചിരുന്നത്. 1962 ൽ സൗദി ഭരണകൂടം കിസ്‌വയുടെ നിർമാണം ഏറ്റെടുത്തു. ഇതിനായി ഒരു ഫാക്ടറി തന്നെ മക്കയിലുണ്ട്. നീക്കം ചെയ്യുന്ന കഅ്ബയുടെ പുടവ കഷ്ണങ്ങളാക്കി വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും നൽകാറാണ് പതിവ്. പ്രവാചകന്റെ കാലത്തിന് ശേഷം പാരമ്പര്യമായി തുടങ്ങിയതാണ് കിസ്‌വ മാറ്റുന്ന ചടങ്ങ്.