കായിക രംഗത്തുൾപ്പെടെ ഞെട്ടിച്ച വർഷം; സൗദിയുടെ പോയവർഷത്തെ കണക്കെടുപ്പ്

നയതന്ത്ര രംഗത്ത് ആഗോള തലത്തിൽ ശ്രദ്ധേയമായിരുന്നു ഈ വർഷം സൗദിയുടെ നീക്കങ്ങൾ

Update: 2022-12-30 18:58 GMT
Advertising

അവിശ്വസനീയമായ പ്രഖ്യാപനങ്ങളോടെയാണ് സൗദി 2022നോട് വിടപറയുന്നത്. നയതന്ത്ര രംഗത്തും കായിക രംഗത്തും ലോകത്തെ ഞെട്ടിച്ച വർഷം കൂടിയാണിത്. പ്രവാസികളുമായി ബന്ധപ്പെട്ട നിർണായക തീരുമാനമാങ്ങൾക്കും ഈ വർഷം സാക്ഷിയായി. തൊഴിലാളിയും തൊഴിലുടമയും അംഗീകരിച്ച ഓൺലൈൻ തൊഴിൽ കരാർ ഈ വർഷം ജനുവരി 1ന് തന്നെ പ്രാബല്യത്തിലായി. നാലിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുള്ളവർക്ക് ലെവി നടപ്പായതും ഈ വർഷം മെയ് മാസത്തിലാണ്. ഗാർഹിക തൊഴിലാളികൾക്കും തൊഴിൽ കരാർ നിർബന്ധമാക്കിത് നവമ്പറിൽ. ഇന്ത്യയിൽ നിന്നുള്ള തൊഴിൽ റിക്രൂട്ട്മെന്റ് മേഖല മെച്ചപ്പെടുത്താനായി സൗദി അറേബ്യ ലേബർ അറ്റാഷെയെ നിയമിച്ചത് ഡിസംബറിലായിരുന്നു. തൊഴിൽ മേഖലയിലെ ചൂഷണം തടയാനായി അറ്റാഷെയെ സൗദി നിയമിച്ചത് ഡൽഹിയിലാണ്.

സൗദിയിൽ ബിനാമി സ്ഥാപനങ്ങൾ നടത്തുന്നവർക്ക് പദവി ശരിയാക്കാനുള്ള കാലാവധി ഈ വർഷം ഫെബ്രുവരി 16നാണ് അവസാനിച്ചത്. നൂറുകണക്കിന് മലയാളികൾ ഇതോടെ നിക്ഷേപകരായി. ആഗോള വിലക്കയറ്റം നേരിടാൻ വിപണിയിലേക്ക് 20 ബില്യൺ റിയാലിന്റെ സഹായ പ്രഖ്യാപനമുണ്ടായത് ജൂലൈ 4നായിരുന്നു. ജിദ്ദയിലെ ഏറ്റവും പഴക്കമുള്ള ചേരികളെല്ലാം പൊളിച്ചടുക്കിയതും പുതിയ ജിദ്ദ ഡൗൺ ടൗൺ പ്രഖ്യാപിച്ചതും ഈ വർഷം തന്നെ.

ഭരണത്തെ സംബന്ധിച്ച നിർണമായക പ്രഖ്യാപനം സെപ്തംബർ 27ന്. അന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ പ്രധാനമന്ത്രിയായി നിയമിച്ച് രാജാവിന്റെ ഉത്തരവ്. ഫെബ്രുവരി 22 സൗദി ദേശീയ ദിനമാക്കി അവധി പ്രഖ്യാപിച്ചതും ഈ വർഷമാണ്.

വിവിധ ആക്രമണങ്ങൾക്കും അപകടങ്ങൾക്കും സൗദി ഈ വർഷവും സാക്ഷിയായി. മാർച്ചിൽ ജിദ്ദയിലെ അരാംകോ പ്ലാന്റിൽ ഹൂതികളുടെ ആക്രമണം. തൊട്ടടുത്ത ദിവസം റിയാദ് റിഫൈനറിക്കു നേരെയും ഡ്രോണെത്തി. ചർച്ചകൾക്കൊടുവിൽ ഏപ്രിൽ മാസം യമനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചു. അതിന്നും തുടരുന്നു. സൗദി കിരീടാവകാശിയുടെ മേൽനോട്ടത്തിൽ നടക്കുന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവിൽ ഏഷ്യയിൽ നിന്നുള്ള മാധ്യമ പങ്കാളിയായി മീഡിയവണിനെ തെരഞ്ഞെടുത്തത് ഒക്ടോബറിലായിരുന്നു.

നയതന്ത്ര രംഗത്ത് ആഗോള തലത്തിൽ ശ്രദ്ധേയമായിരുന്നു ഈ വർഷം സൗദിയുടെ നീക്കങ്ങൾ. നാലു വർഷത്തെ ഇടച്ചിലിന് ശേഷം തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉർദുഗാൻ ഏപ്രിൽ മാസം സൗദി അറേബ്യയിലെത്തി. സൗദിയുമായി വ്യാപാര വാണിജ്യ ബന്ധം പുനസ്ഥാപിച്ചു. എണ്ണക്ക് വിലയേറിയതോടെ ഗതിയില്ലാതെ യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ സൗദിയിലെത്തിയത് ഈ വർഷം സെപ്തംബറിലാണ്. കിരീടാവകാശിയുമായി ബന്ധമുണ്ടാകില്ലെന്ന് ഭരണത്തിലേറിയപ്പോൾ പ്രഖ്യാപിച്ച ബൈഡന്റെ സൗദി സന്ദർശനത്തിൽ യുഎസിന് പക്ഷേ വേണ്ട ഫലമുണ്ടായില്ല. ഡിസംബറിൽ ചൈനീസ് പ്രസിഡണ്ട് സൗദിയിലെത്തിയതോടെ ആഗോള തലത്തിൽ ചർച്ചാ വിഷയമായി. പാശ്ചാത്യ ലോകത്തു നിന്നും തെന്നി ഏഷ്യൻ വൻശക്തികളുമായി സൗദി കൈ കോർക്കുന്ന ചിത്രത്തോടെയാണ് 2022 വിടവാങ്ങുന്നത്.

സൗദിയുടെ ചിത്രവും കോലവും മാറ്റിമറിക്കുന്ന നിയോമിലെ ദി ലൈൻ പദ്ധതി പ്രഖ്യാപിച്ചത് സെപ്തംബറിലാണ്. വൻകിട പദ്ധതികളുടെ അതിവേഗത്തിനും സൗദി സാക്ഷ്യം വഹിച്ചു. അത്ഭുതങ്ങൾ സൃഷ്ടിച്ച് ലോകത്തെ ഞെട്ടിച്ച സൗദിയുടെ മറ്റൊരു രൂപം കണ്ടത് നവമ്പർ 22നാണ്. ഫുട്ബോളിലെ ലോക രാജാക്കന്മാരായ അർജന്റീനയെ ലോകക്കപ്പിൽ 2-1ന് സൗദി ടീം പരാജയപ്പെടുത്തി. തൊട്ടടുത്ത ദിവസം ദേശീയ അവധി. സർവ മേഖലയിലും മാറുന്ന സൗദിയുടെ കായിക രംഗത്തെ മാറ്റം കൂടി പ്രഖ്യാപിച്ചതായിരുന്നു ആ വിജയം.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News