സൗദിയിൽ രഹസ്യ വിവരകൈമാറ്റം ചെയ്യുന്നവർക്ക് നിയമ സംരക്ഷണം ഉറപ്പാക്കും; പുതിയ നിയമം പ്രാബല്യത്തിൽ

കേസുകളിൽ തെളിവാകുന്ന ഡിജിറ്റൽ രേഖകളിലും രഹസ്യ സ്വഭാവവും സംരക്ഷണവും ഉറപ്പാക്കും

Update: 2024-07-01 13:50 GMT
Advertising

ദമ്മാം: സൗദിയിൽ രഹസ്യവിവരങ്ങൾ കൈമാറുന്നവർക്കും സാക്ഷികൾക്കും ഇരകൾക്കും സംരക്ഷണം ഉറപ്പാക്കുന്ന നിയമം പ്രാബല്യത്തിൽ. കോടതി ഉൾപ്പെടെ ഇത്തരക്കാരുടെ പേരുവിവരങ്ങൾ രഹസ്യമായി കൈകാര്യം ചെയ്യും. കേസുകളിൽ തെളിവാകുന്ന ഡിജിറ്റൽ രേഖകളിലും രഹസ്യ സ്വഭാവവും സംരക്ഷണവും ഉറപ്പാക്കും.

രാജ്യത്തിനും ജനങ്ങൾക്കും ഭീഷണി സൃഷ്ടിക്കുന്ന പ്രവർത്തനങ്ങൾ, വ്യക്തികൾ, കൂട്ടായ്മകൾ എന്നിവയെ കുറിച്ച് വിവരങ്ങൾ കൈമാറുന്നവർ, പൊതുതാൽപര്യമുള്ള ക്രിമിനൽ കേസുകളിലെ സാക്ഷികൾ, ഇരകൾ, വിദഗ്ധർ എന്നിവർക്ക് സംരക്ഷണം ഉറപ്പ് നൽകുന്നതാണ് പുതിയ നിയമം. ഇത്തരം വിഭാഗങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് കോടിതികൾക്ക് പ്രത്യേക നടപടികൾ സ്വീകരിക്കാനും നിയമം അനുമതി നൽകുന്നുണ്ട്.

കോടതികളിലും അന്വേഷണ വിഭാഗങ്ങൾക്ക് മുന്നിലുമെത്തുന്ന ഡിജിറ്റൽ തെളിവുകൾ, രേഖകൾ എന്നിവയിൽ ഇത്തരക്കാരുടെ പേരുവിവരങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ശബ്ദവും ചിത്രവും മാറ്റാൻ സാങ്കേതിക മാർഗ്ഗങ്ങൾ വരെ ഉപയോഗപ്പെടുത്താനും അനുമതിയുണ്ട്. കോടതി വ്യവഹാര നടപടിക്രമങ്ങളിലും സംരക്ഷണം ഉറപ്പ് നൽകും. പ്രതിഭാഗം ഇത്തരക്കാരെ കാണുന്നതും തിരിച്ചറിയുന്നതും തടയാൻ വേണ്ട നടപടികൾ സ്വീകരിക്കും. ഇവരുടെ വിവരങ്ങൾ പുറത്ത് വിടുന്നവർക്കെതിരെയും നിയമപരമായി നടപടി സ്വീകരിക്കാൻ കഴിയും. എന്നാൽ ഇത്തരം വിഭാഗങ്ങളുടെ തെളിവുകളും മൊഴികളും തെറ്റാണെന്ന് തെളിയിക്കപ്പെട്ടാൽ ക്രിമിനൽ നടപടി പ്രകാരം കേസ് രജിസ്റ്റർ ചെയ്യാനും നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News