സൗദിയിലെ ഖിദ്ദിയ നഗരത്തിൽ പുതിയ സറ്റേഡിയം നിലവിൽ വരുന്നു
എ.ഐ സാങ്കേതിക വിദ്യകളടക്കം ഉപയോഗിച്ച് ലോകോത്തര മാതൃകയിലാണ് സ്റ്റേഡിയം നിർമിക്കുക.
റിയാദ്: സൗദിയിലെ ഖിദ്ദിയ നഗരത്തിൽ പുതിയ പടുകൂറ്റൻ സറ്റേഡിയം നിലവിൽ വരുന്നു. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ പേരിലാണ് സ്റ്റേഡിയം പ്രഖ്യാപിച്ചത്. എ.ഐ സാങ്കേതിക വിദ്യകളടക്കം ഉപയോഗിച്ച് ലോകോത്തര മാതൃകയിലാണ് സ്റ്റേഡിയം നിർമിക്കുക.
നിലവിലെ സ്റ്റേഡിയം മാതൃകകളെ പൊളിച്ചടുക്കുന്ന തരത്തിലാണ് ഖിദ്ദിയയിലെ പുതിയ സ്റ്റേഡിയം പ്രഖ്യാപിച്ചത്. സന്ദർശകർക്ക് കാഴ്ച്ചാനുഭവങ്ങളിലും രൂപകൽപ്പനയിലും സാങ്കേതിക വിദ്യകളുടെ ഉപയോഗത്തിലും പുതിയ അനുഭവമാണ് സറ്റേഡിയം പങ്കുവെക്കുക. ഒരേസമയം ഉള്ളിലേക്ക് മടക്കി വെക്കാൻ സാധിക്കുന്ന റൂഫും,പിച്ചും,എൽ.ഇ.ഡി വാളുകളും സംയോജിച്ച് നിർമിക്കുന്ന ലോകത്തിലെ ആദ്യത്തെ സ്‌റ്റേഡിയം കൂടിയാണിത്.
സൗദിയിലെ സുപ്രധാന കായിക, വിനോദ, സാംസ്‌കാരിക പരിപാടികൾക്കെല്ലാം ഇനി ആതിഥേയത്വം വഹിക്കുകയും ഇവിടെയായിരിക്കും ഫുട്ബോൾ, ബോക്സിംഗ്, ഇ-സ്പോർട്സ് ഇവന്റുകൾ , എന്റർടൈൻമെന്റ് ഷോകൾ തുടങ്ങിയ പരിപാടികളെല്ലാം സ്റ്റേഡിയത്തിൽ അരങ്ങേറും. ഒരേദിവസം മണിക്കൂറുകളുടെ വ്യത്യാസത്തിൽ തന്നെ നിരവധി പരിപാടികൾ സ്റ്റേഡിയത്തിൽ വെച്ച് നടത്താൻ സാധിക്കും. അത്യാധുനിക ഹോളോഗ്രാഫിക് സാങ്കേതികവിദ്യയുടെ സഹായത്തോടെ കാഴ്ച്ചക്കാർക്ക് താരങ്ങളുമായി വെർച്വൽ ഇന്റെറാക്ഷനും, തത്സമയം ഡാറ്റകൾ പരിശോധിക്കാനും സാധിക്കും.
പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി സ്റ്റേഡിയത്തിന് കീഴിൽ മഴവെള്ള സംഭരണയും നിർമിക്കും. ഇത്തരത്തിൽ ശേഖരിച്ച വെള്ളം ഉപയോഗപ്പെത്തി സ്റ്റേഡിയത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ ഊർജ്ജവും നിർമിക്കും. റിയാദിൽ നിന്ന് 40 മിനുട്ട് യാത്ര ചെയ്താൽ എത്തിച്ചേരുന്ന ഖിദ്ദിയ്യ നഗരത്തിന്റെ ഭാവി തന്നെ മാറ്റിമറിക്കുന്നതാണ് ഈ പുതിയ പദ്ധതി.