സൗദിയിൽ മീഡിയവൺ ഹലാ ജിദ്ദക്ക് പ്രൗഢോജ്ജ്വല തുടക്കം
ആയിരങ്ങളാണ് ആദ്യ ദിനം ഹലാ ജിദ്ദ കാർണിവലിൽ എത്തിയത്
ജിദ്ദ: സൗദി അറേബ്യയിൽ മീഡിയവൺ സംഘടിപ്പിച്ച ഹലാ ജിദ്ദക്ക് പ്രൗഢോജ്ജ്വല തുടക്കം. സൗദിയിലെ ഇന്ത്യൻ ഇവന്റുകളിലെ ഏറ്റവും വലിയ ജനാവലിയാണ് ഹലാ ജിദ്ദയിലേക്ക് ഒഴുകിയെത്തിയത്. ജിദ്ദ കണ്ട ഏറ്റവും വലിയ ജനസഞ്ചയത്തെ സാക്ഷി നിർത്തി ഇന്ത്യൻ കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി ഹലാ ജിദ്ദയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. താൻ ഇതുവരെ പങ്കെടുത്തതിൽ ഏറ്റവും വലിയ സംഗമമാണ് ഹലാ ജിദ്ദയിൽ കണ്ടതെന്ന് ഉദ്ഘാടനം നിർവഹിച്ച ഇന്ത്യൻ കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരിയും പറഞ്ഞു. മീഡിയവൺ സംഘടിപ്പിച്ച ഹലാ ജിദ്ദയെ അഭിനന്ദിച്ച അദ്ദേഹം ഇതു പോലെയുള്ള പരിപാടികൾ ഇന്ത്യാ സൗദി സാംസ്‌കാരിക വിനിയമത്തിനുള്ള വേദിയാകണമെന്നും കൂട്ടിച്ചേർത്തു. ഇംപക്‌സാണ് പരിപാടിയുടെ ടൈറ്റിൽ സ്‌പോൺസർ.
ആയിരങ്ങളാണ് ആദ്യ ദിനം ഹലാ ജിദ്ദ കാർണിവലിൽ എത്തിയത്. മീഡിയവൺ സിഇഒ റോഷൻ കക്കാട്ട് സിജിക്കുള്ള പുരസ്‌കാരം കൈമാറി. ജിദ്ദ ഹജ്ജ് കോൺസുൽ അബ്ദുൽ ജലീൽ, എഡിറ്റർ പ്രമോദ് രാമൻ, മാനേജിങ് എഡിറ്റർ സി. ദാവൂദ് എന്നിവരും സംസാരിച്ചു.
പരിപാടിയുടെ മുഖ്യപ്രായോജകരായ ഇംപക്‌സിന്റെ മിഡിലീസ്റ്റ് സിഒഒ സിറാജുദ്ദീൻ അബ്ദുല്ല, പ്രായോജകരായ ലുലു ഗ്രൂപ്പിന്റെ റീജണൽ മാനേജർ, ജെഎൻഎച്ച് ചെയർമാൻ വിപി മുഹമ്മദലി, ഹോട്ട്പാക്ക് ഗ്ലോബൽ ഗ്രൂപ് വൈസ് പ്രസിഡന്റ് എം. സുഹൈൽ അബ്ദുല്ല, മൂലൻസ് ഗ്രൂപ്പ് ചെയർമാൻ ജോസ് മൂലൻ, ഹൈലൈറ്റ് ബിൽഡേഴ്‌സ് സിഇഒ മുഹമ്മദ് ഫസീം, മിനാർ ടിഎംടി എംഡി മുഹമ്മദ് ഷാഫി എന്നിവർക്ക് മീഡിയവണിന്റെ ഉപഹാരം കൈമാറി. റാകോ ഇവന്റ്‌സിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഹലാ ജിദ്ദയിൽ മീഡിയവൺ മുഖ്യ രക്ഷാധികാരി നജ്മുദ്ദീൻ അമ്പലങ്ങാടൻ, കെഎം ബഷീർ, ഫസൽ പി മുഹമ്മദ് എന്നിവരും വേദിയിൽ സംബന്ധിച്ചു. ഹലാ ജിദ്ദയുടെ ഭാഗമായ എക്‌സ്‌പോക്ക് ഇന്നലെ ഉച്ചക്ക് തുടക്കം കുറിച്ചു.