ടൂറിസം മേഖലയിൽ കൂടുതൽ ഇളവുകൾ നൽകാനൊരുങ്ങി സൗദി

കൂടുതൽ നിക്ഷേപം ലക്ഷ്യമിട്ടാണ് നീക്കം

Update: 2024-12-11 16:12 GMT
Advertising

ദമ്മാം: സൗദിയിൽ ടൂറിസം മേഖലയിൽ കൂടുതൽ നിക്ഷേപം ലക്ഷ്യമിട്ട് ഇളവുകൾ ലഭ്യമാക്കുമെന്ന് ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ്. ഹോസ്പിറ്റാലിറ്റി മേഖലയിൽ ഗവൺമെന്റ് ഫീസുകൾ 22 ശതമാനം വരെ കുറക്കുന്നതിനുള്ള പദ്ധതി തയ്യാറാകുന്നതായും മന്ത്രി പറഞ്ഞു. ടൂറിസം മേഖലയുടെ പ്രധാന ചാലകമായ സ്വകാര്യമേഖലയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ഹോസ്പിറ്റാലിറ്റി മേഖലയിലെ ഗവൺമെന്റ് ഫീസുകളുടെ ചിലവ് 22 ശതമാനം കുറക്കും. ഇതിന് സൗദി ടൂറിസം ഇൻവെസ്റ്റ്മെന്റ് എനേബിളേഴ്സ് പ്രോഗ്രാം പ്രവർത്തിച്ചുവരുന്നതായി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് പറഞ്ഞു. സൗദി വിൻറർ പരിപാടികളോട് അനുബന്ധിച്ച് അൽ ഖസീം മേഖലയിലെ നിക്ഷേപകരുടെയും സംരംഭകരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ടൂറിസം മേഖലയിൽ നിക്ഷേപകർക്ക് തങ്ങളുടെ മൂലധനം നിക്ഷേപിക്കാൻ സൗകര്യമൊരുക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി രൂപകൽപ്പന ചെയ്ത സംരംഭമാണ് ടൂറിസം ഇൻവെസ്റ്റ്മെന്റ് എനേബിളേഴ്സ് പ്രോഗ്രാം എന്നും അദ്ദേഹം വിശദീകരിച്ചു. ടൂറിസം മേഖലയുടെ പ്രധാന ചാലകമായ സ്വകാര്യമേഖലയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്താനുള്ള മന്ത്രാലയത്തിന്റെ താൽപ്പര്യവും അദ്ദേഹം വ്യക്തമാക്കി. നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതും നിക്ഷേപകർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതും മന്ത്രാലയം നടത്തി വരുന്ന സുപ്രധാനമായ പരിപാടികളിലൊന്നാണെന്നും മന്ത്രി കൂട്ടിചേർത്തു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News