ജുബൈലില്‍ 'വണ്ടർ ഹിൽസ്' ശൈത്യകാല ഉത്സവത്തിന് തുടക്കം
ജനുവരി 11 വരെ മേള നീണ്ട് നില്‍ക്കും
Update: 2024-12-09 16:02 GMT
ദമ്മാം: സൗദിയിലെ ജുബൈലിൽ 'വണ്ടർ ഹിൽസ്' ശൈത്യകാല ഉത്സവത്തിന് തുടക്കമായി. റോയൽ കമ്മീഷൻ ഏരിയയിൽ ദരീൻ ബീച്ചിനോട് ചേർന്നുള്ള കുന്നുകളിലാണ് പരിപാടികൾ. വർണാഭമായ ലൈറ്റുകൾ കൊണ്ട് അലങ്കരിച്ച കുന്നുകളും സംഗീത, വിനോദ പരിപാടികളും മേളയെ ആകർഷകമാക്കുന്നുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കാവുന്ന വിത്യസ്ത വിനോദങ്ങളും, മത്സരങ്ങളും, റൈഡുകളും, സംഗീത വിരുന്നുകളും ആഘോഷത്തിൻറെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
വൈകിട്ട് നാല് മണിയോടെ ആരംഭിക്കുന്ന മേള അർധരാത്രി വരെ നീണ്ട് നിൽക്കും. പ്രവേശനം പാസ് മുഖേന നിയന്ത്രിച്ചിട്ടുണ്ട്. റോയൽ കമ്മീഷൻറെ റഖീം വിൻഡോ ആപ്ലിക്കേഷൻ വഴി ടിക്കറ്റുകൾ സ്വന്തമാക്കാം. മേള ജനുവരി പതിനൊന്ന് വരെ നീണ്ട് നിൽക്കും.