റമദാനിലെ 25ാം രാവിലും വിശ്വാസി ലക്ഷങ്ങളാൽ വീർപ്പുമുട്ടി മക്കയും മദീനയും
ഫലസ്തീന് വേണ്ടി പ്രാർഥനകൾ


മക്ക: റമദാനിലെ 25ാം രാവിലും വിശ്വാസി ലക്ഷങ്ങളാൽ വീർപ്പുമുട്ടി മക്കയും മദീനയും. പാപ മോചനത്തിന്റെ അവസാന പത്തിലാണ് റമദാൻ. ഇതിനാൽ തന്നെ പാതിരാ നമസ്‌കാരങ്ങൾ കണ്ണീരിൽ നിറഞ്ഞാണ് പൂർത്തിയായത്. ഫലസ്തീന് വേണ്ടിയും പ്രാർഥനകൾ തുടർന്നു.
വിശുദ്ധ ഖുർആൻ അവതരിച്ചതെന്നു കരുതുന്ന ഒറ്റയിട്ട രാവുകളിൽ ഒന്നായിരുന്നു ഇന്നലെ. ഈ രാവിലെ പ്രാർഥനക്ക് മുന്നോടിയായി നോമ്പു തുറക്കായി മാത്രം 20 ലക്ഷത്തിലേറെ വിശ്വാസികൾ മക്കയിലും മദീനയിലും എത്തിയിരുന്നു. രാത്രിയിലെ ഇശാഅ് നമസ്‌കാരവും തറാവീഹ് പ്രാർഥനകളും കഴിഞ്ഞ് ഹറമിൽ ഖിയാമുല്ലെൽ നമസ്‌കാരമുണ്ട്. പാതിരാവിൽ വിശുദ്ധ ഖുർആൻ പാരായണം ചെയ്ത് തീർക്കുന്ന നമസ്‌കാരം. ഇതിൽ അണി നിരക്കുന്നത് 30 ലക്ഷത്തോളം വിശ്വാസികളാണ്. നമസ്‌കാരത്തിനിടെ പലപ്പോഴും ഹറം ഇമാമുമാർ നിയന്ത്രണം വിട്ട് വിതുമ്പി. മദീനയിലും സമാനമായിരുന്നു സ്ഥിതി. ഫലസ്തീന് വേണ്ടിയുള്ള സുദീർഘമായ പ്രാർഥന ഇന്നും തുടർന്നു. ജൂതരുടെയും സയണിസ്റ്റുകളുടെയും ഹീനമായ ക്രൂരതകൾക്കെതിരെയായിരുന്നു ഇതെല്ലാം എടുത്തു പറഞ്ഞുള്ള പ്രാർഥന.
റമദാൻ അവസാന ദിനങ്ങളിലാണ്. പാപമോചനത്തിന്റേതാണ് ഈ ദിനങ്ങളെല്ലാം. ഒപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രയാസമനുഭവിക്കുന്ന വിശ്വാസികളോടുള്ള ഐക്യദാർഢ്യം കൂടിയുണ്ട് ഹറമിലെ പ്രാർഥനകളിൽ.