മദീനയിലെ പ്രവാചക പള്ളിയിൽ പാർക്കിംഗ് സംവിധാനം മികച്ചതാക്കി.
24 പാർക്കിംഗ് സ്ലോട്ടുകളാണ് ഹറമിന് താഴെയുള്ളത്


ജിദ്ദ: മദീനയിലെ പ്രവാചക പള്ളിയിൽ പാർക്കിംഗ് സംവിധാനം മികച്ചതാക്കി. ഹറമിന്റെ താഴെയാണ് വിശാലമായ പാർക്കിംഗ് ഉള്ളത്. പ്രാർത്ഥനയ്ക്ക് എത്തുന്നവരുടെ അയ്യായിരത്തോളം കാറുകൾ പാർക്ക് ചെയ്യാനാവും.റമദാന്റെ അവസാനപത്തിൽ പത്ത് ലക്ഷത്തിലേറെ തീർത്ഥാടകർ ഓരോ നമസ്കാരങ്ങളിലും ഹറമിൽ പങ്കെടുക്കുന്നുണ്ട്. 2 ലക്ഷത്തോളം ചതുരശ്ര മീറ്ററിലാണ് പ്രവാചക പള്ളിയിലെ വിശാലമായ പാർക്കിംഗ്. മദീന ഹറം പള്ളിക്ക് താഴെയാണ് പാർക്കിംഗ് സംവിധാനങ്ങൾ. നാലു പ്രധാന പ്രവേശന കവാടം വഴി വാഹനങ്ങൾക്ക് അകത്ത് പ്രവേശിക്കാം. വടക്ക് അബി അസ്വിദ്ദീഖ്, കിഴക്ക് കിബാഅ് , പടിഞ്ഞാറ് ഉമർ ബിൻ ഖത്താബ്, തെക്ക് ത്തൊരീഖ് അമീർ അബ്ദുൽ മുഹ്സിൻ എന്നിവ വഴിയാണ് അകത്തേക്ക് പ്രവേശനം. 24 പാർക്കിംഗ് സ്ലോട്ടുകളാണ് ഹറമിന് താഴെയുള്ളത്. ഓരോ സ്ലോട്ടിലും 184 കാറുകൾക്ക് പാർക്ക് ചെയ്യാനാവും. 5000 ത്തോളം വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യമുണ്ട്. സർവീസ് ലെവൽ ഉൾപ്പെടെ മൂന്ന് ഭാഗങ്ങളിലാണ് പാർക്കിംഗ് ഉള്ളത്. മണിക്കൂറിന് ഒരു റിയാൽ മുതലാണ് നിരക്കുകൾ. പാർക്കിംഗ് ഫീസ് അടക്കാൻ 48 സെൽഫ് സർവീസ് പെയ്മെൻറ് സംവിധാനങ്ങളുണ്ട്. ഇതുവഴി ടിക്കറ്റ് അനായാസം സ്കാൻ ചെയ്ത് പെയ്മെൻറ് പൂർത്തിയാക്കി എസ്കലേറ്റർ വഴി ഹറമിന്റെ ഏത് ഭാഗങ്ങളിലേക്കും എളുപ്പത്തിൽ എത്തിപ്പെടാം എന്നതാണ് പ്രത്യേകത.