സൗദിയിൽ 254ലേറെ ബിനാമി കേസുകൾ; നടപടികൾ പൂർത്തിയായി
പ്രതികൾക്ക് അഞ്ച് വർഷം വരെ തടവും അൻപത് ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും
ദമാം: സൗദിയിൽ വാണിജ്യ മന്ത്രാലയം കണ്ടെത്തിയ ഇരുന്നൂറ്റി അൻപതിലേറെ ബിനാമി കേസുകൾ തുടർ നടപടികൾക്കായി പബ്ലിക് പ്രൊസിക്യൂഷന് കൈമാറി. ഇവയിൽ നിരവധി കേസുകളിൽ വിചാരണ പൂർത്തിയാക്കി അന്തിമ ശിക്ഷാവിധി പ്രസ്താവിച്ചതായും വാണിജ്യ മന്ത്രാലയം വെളിപ്പെടുത്തി. കഴിഞ്ഞ ഏഴ് മാസത്തിനിടെയാണ് ഇത്രയും കേസുകള് രജിസ്റ്റർ ചെയ്ത് കുറ്റവാളികൾക്കെതിരെ നടപടികൾ പൂർത്തിയാക്കിയത്.
വാണിജ്യ മന്ത്രാലയവും ബിനാമി വിരുദ്ധ സമിതിയും കണ്ടെത്തിയ കേസുകളിലാണ് നടപടി. 254 കേസുകളാണ് കഴിഞ്ഞ ഏഴ് മാസത്തിനിടെ രാജ്യത്ത് രേഖപ്പെടുത്തിയത്. ഇവ തുടർ നടപടികൾക്കായി പബ്ലിക് പ്രൊസിക്യൂഷന് കൈമാറി. പ്രോസിക്യൂഷൻ നിരവധി കേസുകളിൽ വിചാരണ പൂർത്തിയാക്കി കോടതി ശിക്ഷാ വിധികൾ പുറപ്പെടുവിച്ചതായും മന്ത്രാലയം വ്യക്തമാക്കി. അവശേഷിക്കുന്നവയിൽ നിയമ നടപടികൾ പൂർത്തിയാക്കി വരികയാണിപ്പോൾ. പ്രതികൾക്ക് അഞ്ച് വർഷം വരെ തടവും അൻപത് ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും.
ബിനാമി ബിസിനസിലൂടെ സമ്പാദിക്കുന്ന പണം കോടതി വിധി പ്രകാരം കണ്ടുകെട്ടുകയും ചെയ്യും. സ്ഥാപനം അടപ്പിക്കൽ, ലൈസൻസും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനും റദ്ദാക്കൽ, ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നതിൽ നിന്ന് കുറ്റക്കാരായ സൗദി പൗരന്മാർക്ക് വിലക്ക്, നിയമാനുസൃത സക്കാത്തും ഫീസുകളും നികുതികളും ഈടാക്കൽ, കുറ്റക്കാരായ വിദേശികളെ ശിക്ഷ പൂർത്തിയാക്കിയ ശേഷം സൗദിയിൽ നിന്ന് നാടുകടത്തൽ, പുതിയ തൊഴിൽ വിസയിൽ വീണ്ടും സൗദിയിൽ പ്രവേശിക്കുന്നതിൽ നിന്ന് ഇത്തരക്കാർക്ക് ആജീവനാന്ത വിലക്കേർപ്പെടുത്തൽ എന്നീ ശിക്ഷകളും നിയമ ലംഘകർക്ക് ലഭിക്കും.