സൗദി അറേബ്യയിൽ ദേശീയ ദിനാഘോഷ പരിപാടികൾക്ക് തുടക്കമായി
അബ്ദുൽ അസീസ് രാജാവ് 1932ൽ സൗദിയുടെ ഏകീകരണം പൂർത്തിയാക്കിയതിന്റെ ഓർമ പുതുക്കൽ കൂടിയാണ് ദേശീയ ദിനം
റിയാദ്: മുന്നൂറിലേറെ വിനോദ പരിപാടികളുമായി സൗദി അറേബ്യയുടെ ഈ വർഷത്തെ ദേശീയ ദിനാഘോഷം ആരംഭിച്ചു. ദേശീയ ദിനമായ സെപ്തംബർ 23ന് മുന്നോടിയായി ആരംഭിക്കുന്ന പരിപാടികൾ ഒരാഴ്ച നീണ്ടു നിൽക്കും. രാജ്യത്തിന്റെ സ്ഥാപകനായ അബ്ദുൽ അസീസ് രാജാവ് 1932ൽ സൗദിയുടെ ഏകീകരണം പൂർത്തിയാക്കിയതിന്റെ ഓർമ പുതുക്കൽ കൂടിയാണ് ദേശീയ ദിനം.
1932ലാണ് നജ്ദ് ഹിജാസ് എന്നിങ്ങിനെ നിലനിന്നിരുന്ന മേഖലയിലെ വിവിധ നാട്ടു രാജ്യങ്ങളെ ചേർത്ത് ആധുനിക സൗദി അറേബ്യ ഏകീകരിക്കുന്നത്. ഇതിന്റെ ഓർമ പുതുക്കലാണ് ദേശീയ ദിനം. 2005 മുതൽ ആഘോഷിക്കുന്ന സൗദി ദേശീയ ദിനം കഴിഞ്ഞ അഞ്ച് വർഷമായി വർണാഭമായ പരിപാടികളോടെയാണ് ആഘോഷിക്കാറുള്ളത്. ഇത്തവണ ദേശീയ ദിനം ശനിയാഴ്ചയാണ്. വെള്ളി സൗദിയിൽ അവധി ദിനമായതിനാൽ തുടരെ രണ്ട് ദിനം അവധി ലഭിക്കും. വിവിധ സ്‌കൂളുകളിലും സർവകലാശാലകളിലുമുള്ള വിദ്യാർഥികൾക്ക് തൊട്ടടുത്ത ദിനമായ ഞായറും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
സൗദി ജനറൽ എന്റർടെയ്ൻമെന്റ് അതോറിറ്റിക്ക് കീഴിൽ ഈ മാസം 30 വരെ ആഘോഷങ്ങളുണ്ടാകും. വ്യോമാഭ്യാസം, 13 നഗരങ്ങളിലും വെടിക്കെട്ട്, റോഡ് ഷോകൾ, വിനോദ പരിപാടികൾ എന്നിവ അരങ്ങേറും. ഇതിന്റെ വിശദമായ കലണ്ടർ മറ്റന്നാൾ പുറത്തിറക്കും.