സൗദിയിൽ ആരോഗ്യമേഖലയിലെ ജീവനക്കാർക്ക് പുതിയ ഡ്രസ്സ് കോഡ്
ആരോഗ്യ വകുപ്പാണ് വസ്ത്രധാരണവുമായി ബന്ധപ്പെട്ട പുതിയ ചട്ടങ്ങൾ പുറത്തിറക്കിയത്
റിയാദ്: സൗദിയിൽ ആരോഗ്യമേഖലയിലെ ജീവനക്കാർക്ക് പുതിയ ഡ്രസ്സ് കോഡ്. തൊഴിലിടങ്ങളിൽ വ്യക്തി ശുചിത്വം നിലനിർത്തുന്നതിന്റെയും സാമൂഹ്യ മര്യാദകൾ പാലിക്കുന്നതിന്റേയും ഭാഗമായാണ് പരിഷ്കരണം. ആരോഗ്യ വകുപ്പാണ് വസ്ത്രധാരണവുമായി ബന്ധപ്പെട്ട പുതിയ ചട്ടങ്ങൾ പുറത്തിറക്കിയത്.
ആരോഗ്യ മേഖലയിലെ ജീവനക്കാർ തൊഴിലിടങ്ങളിൽ മാന്യവും പൊതുസമൂഹത്തിന് ചേർന്നതുമായ വസ്ത്രം ധരിക്കണമെന്നാണ് പുതിയ നിർദേശം. സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്ത നിർദ്ദേശങ്ങളാണ് മന്ത്രാലയം പുറത്തിറക്കിയത്.
പുരുഷന്മാർ പൈജാമയും, ഷോർട്‌സും ധരിക്കാൻ പാടില്ല. കൂടാതെ അശ്ലീല ചിത്രങ്ങളോ പദപ്രയോഗങ്ങളോ അടങ്ങുന്ന വസ്ത്രങ്ങളും ധരിക്കരുത്. വിചിത്രമായ രീതിയിൽ ഹെയർസ്റ്റൈൽ ഒരുക്കുന്നതിനും പുരുഷന്മാർക്ക് വിലക്കുണ്ട്.
സ്ത്രീകൾ ഇറുകിയതും തുറന്നതുമായ വസ്ത്രങ്ങൾ തൊഴിലിടങ്ങളിൽ ഒഴിവാക്കണമെന്നാണ് നിർദേശം. അമിതമായ മേക്കപ്പ്, മൈലാഞ്ചി, പെർഫ്യൂം, ചെയിനുകൾ എന്നിവയും ഉപയോഗിക്കരുത്. കാൽമുട്ട് വരെ നീളമുള്ള കോട്ടും സ്ത്രീകൾക്ക് നിർബന്ധമാണ്. കൂടാതെ ജോലിസമയത്ത് ഔദ്യോഗിക വസ്ത്രവും നിർബന്ധമായും ധരിക്കണം.