മൂന്ന് പ്രൊഫഷനുകൾക്ക് ഓണ്‍ലൈന്‍ ടൂറിസ്റ്റ് വിസ അനുവദിക്കില്ല; സൗദി
ഗാർഹിക തൊഴിലാളികൾക്ക് സ്‌പോൺസർമാരോടൊപ്പം ടൂറിസ്റ്റ് വിസയിൽ വരാൻ അനുവാദമുണ്ട്
ജിദ്ദ: ഗള്‍ഫ് രാജ്യങ്ങളില്‍ മൂന്നു പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സൗദിയിലേക്കുള്ള ഓണ്‍ലൈന്‍ ടൂറിസ്റ്റ് വിസകൾ അനുവദിക്കില്ലെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു. ഗാർഹിക തൊഴിലാളികൾക്ക് സ്‌പോൺസർമാരോടൊപ്പം ടൂറിസ്റ്റ് വിസയിൽ വരാൻ അനുവാദമുണ്ട്. ഓണ്‍ലൈന്‍ ടൂറിസ്റ്റ് വിസ ലഭിക്കാത്ത പ്രൊഫഷനുകളിലുള്ളവർക്ക് സന്ദർശന വിസയിലോ ഉംറ വിസയിലോ വരാവുന്നതാണ്.
ദിവസങ്ങൾക്ക് മുമ്പാണ് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് സൗദി അറേബ്യയിലേക്ക് വരാൻ ഓണ്‍ലൈന്‍ ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചത്. എന്നാൽ ഡ്രൈവർ, ലേബർ, നഴ്സ് എന്നീ മൂന്ന് പ്രൊഫഷനുകളിൽ ജോലി ചെയ്യുന്നവർക്ക് ഓണ്‍ലൈന്‍ ടൂറിസ്റ്റ് വിസയിൽ വരുന്നതിന് വിലക്കുണ്ട്. എന്നാൽ മറ്റുള്ള എല്ലാ പ്രൊഫഷനുകളിലുള്ളവർക്കും ഓണ്‍ലൈനായി ടൂറിസ്റ്റ് വിസ നേടാം. കൂടാതെ ഗാര്‍ഹിക തൊഴിലാളികൾക്ക് അവരുടെ സ്‌പോണ്‍സര്‍മാരോടൊപ്പം ടൂറിസ്റ്റ് വിസയിൽ വരുന്നതുനും വിലക്കില്ല.
സ്പോൺസർ വിദേശിയാണെങ്കിലും ഈ ആനൂകൂല്യം ലഭിക്കുന്നതാണ്. എന്നാൽ ഇ-ടൂറിസ്റ്റ് വിസയിൽ വരാൻ വിലക്കുള്ള പ്രൊഫഷനുകളിലുള്ളവർക്ക് സന്ദർശന വിസയിലോ ഉംറ വിസയിലോ വരുന്നതിന് തടസ്സങ്ങളില്ല. ഇങ്ങിനെ വരുന്നവർക്ക് മൂന്ന് മാസം സൗദിയിൽ തങ്ങാം. ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുൾപ്പെടെ 435 റിയാലാണ് ഓണ്‍ലൈന്‍ ടൂറിസ്റ്റ് വിസക്ക് ചിലവ് വരുന്നത്.