സൗദിയിൽ താമസ കെട്ടിടങ്ങളുടെ വാടക ഈജാർ വഴി മാത്രം; ജനുവരി 15 മുതൽ നിയമം പ്രാബല്യത്തിൽ

സര്‍ക്കാര്‍ വാടക പ്ലാറ്റ്‌ഫോമായ ഈജാര്‍ വഴി പണമിടപാടുകള്‍ നടത്തണമെന്ന് ഈജാര്‍ കേന്ദ്രം

Update: 2024-01-03 16:45 GMT
Editor : rishad | By : Web Desk
Advertising

റിയാദ്: സൗദിയില്‍ താമസ കെട്ടിടങ്ങളുടെ വാടക നല്‍കുന്നതും സ്വീകരിക്കുന്നതും ഡിജിറ്റലൈസ് ചെയ്തു. സര്‍ക്കാര്‍ വാടക പ്ലാറ്റ്‌ഫോമായ ഈജാര്‍ വഴി പണമിടപാടുകള്‍ നടത്തണമെന്ന് ഈജാര്‍ കേന്ദ്രം വ്യക്തമാക്കി. ജനുവരി പതിനഞ്ച് മുതല്‍ ഈജാര്‍ പ്ലാറ്റ് ഫോം വഴിയല്ലാതെ നല്‍കുന്ന വാടക ഇടപാടുകള്‍ക്ക് സാധുതയുണ്ടാവില്ലെന്നും അതോറിറ്റി അറിയിച്ചു.

സൗദിയില്‍ കെട്ടിട വാടക ഇടപാടുകള്‍ ഏകീകരിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ഡിജിറ്റല്‍ വാടക ഇടപാട് സേവനം നിര്‍ബന്ധമാക്കി. കെട്ടിട വാടക കരാറുകള്‍ നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി സര്‍ക്കാര്‍ നടപ്പിലാക്കിയ ഈജാര്‍ പ്ലാറ്റ് ഫോം വഴി പണമിടപാടുകള്‍ കൂടി നടത്തുന്നതിനാണ് നിര്‍ദ്ദേശം. ഇത് സംബന്ധിച്ച അന്തിമ നിര്‍ദ്ദേശം ഈജാര്‍ പ്ലാറ്റ് ഫോം പുറത്തിറക്കി.

ജനുവരി 15 മുതല്‍ താമസ കെട്ടിടങ്ങളുടെ മുഴുവന്‍ വാടക ഇടപാടുകളും ഈജാര്‍ വഴി കൈമാറണമെന്ന് പ്ലാറ്റ്‌ഫോം കേന്ദ്രം വ്യക്തമാക്കി. ഈജാര്‍ വഴിയല്ലാത്ത പണമിടപാടുകള്‍ക്ക് ഇതോടെ സാധുതയില്ലാതാകും. തുടക്കത്തില്‍ താമസ കെട്ടിടങ്ങള്‍ക്ക് മാത്രമാകും നിയമം ബാധകമാകുക. വാണിജ്യ കെട്ടിടങ്ങള്‍ ഈ ഘട്ടത്തില്‍ പരിധിയില്‍ ഉള്‍പ്പെടില്ല.

ഈജാറിന്റെ സദാദ് നമ്പറായ 153 ഉപയോഗിച്ചാണ് പണമിടപാട് നടത്താന്‍ സാധിക്കുക. ഈജാറിലെ പഴയതും പുതിയതുമായ എല്ലാ കരാറുകള്‍ക്കും നിയമം ബാധകമാകും. വാടകകരാറിലെ കക്ഷികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും പരാതികള്‍ കുറക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News