സൗദി അറേബ്യയിൽ ജോലി ലഭിക്കാനുള്ള പ്രൊഫഷണൽ പരീക്ഷ 160 രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു

ആദ്യഘട്ടത്തിൽ 128 രാജ്യങ്ങളിലാണ് പ്രൊഫഷണൽ വെരിഫിക്കേഷൻ സേവനം നിർബന്ധമാക്കിയത്

Update: 2024-07-09 20:12 GMT
Advertising

ജിദ്ദ: സൗദി അറേബ്യയിൽ ജോലി ലഭിക്കാനുള്ള പ്രൊഫഷണൽ പരീക്ഷ 160 രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാൻ നീക്കം. ആദ്യഘട്ടത്തിൽ 128 രാജ്യങ്ങളിലാണ് പ്രൊഫഷണൽ വെരിഫിക്കേഷൻ സേവനം നിർബന്ധമാക്കിയത്. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ പുതിയ വിസയിൽ വരുന്നവർക്ക് ടെസ്റ്റ് നേരത്തെ നിലവിൽ വന്നിരുന്നു. തൊഴിൽ വിപണിയെ നിയന്ത്രിക്കുകയും ജോലികളുടെയും സേവനങ്ങളുടെയും ഗുണനിലവാരം ഉയർത്തുകയുമാണ് സൗദി മാനവിഭശേഷി സാമൂഹിക വികസന മന്ത്രാലയം ലക്ഷ്യം വെക്കുന്നത്.

സർട്ടിഫിക്കറ്റ് ലഭ്യമാകാൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തശേഷം തിയറി പ്രാക്ടിക്കൽ പരീക്ഷകൾക്കുള്ള അപ്പോയ്ന്റ്‌മെന്റ് എടുത്ത് പരീക്ഷ വിജയകരമായി പൂർത്തിയാക്കുന്നവർക്കാണ് പ്രൊഫഷണൽ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് അനുവദിക്കുക. പദ്ധതിയുടെ അവസാനഘട്ടമാവുമ്പോഴേക്കും ലോകത്തെ 160 രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്ക് ബാധകമാക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.നിലവിൽ സൗദിയിൽ ജോലി ചെയ്യുന്ന പ്രത്യേക പ്രൊഫഷനിലുഉള്ളവർക്ക് ആവശ്യമായ അറിവുണ്ടെന്ന് ഉറപ്പാക്കാൻ തിയറി പ്രാക്ടിക്കൽ പരീക്ഷകൾ നടത്തിവരുന്നുണ്ട്.

വർക്ക് പെർമിറ്റ് ലഭിക്കാനും പുതുക്കാനും പരീക്ഷ പാസാക്കൽ നിർബന്ധമാണ്. ഇത്തരം സർട്ടിഫിക്കറ്റുകൾ അഞ്ചുവർഷ കാലാവധിയിലാണ് നൽകുന്നത്. സൗദിയിൽ ജോലി ചെയ്യുന്നവരുടെ യോഗ്യത ടെസ്റ്റ് 4 ഘട്ടങ്ങളിലായി പൂർത്തീകരിച്ചിരുന്നു. ആറ് മുതൽ 49 വരെ ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങൾക്കാണ് അവസാന ഘട്ടത്തിൽ ഉൾപ്പെടുത്തിയത്. 23 തൊഴിൽ ഗ്രൂപ്പുകളിൽപെട്ട 1099 തൊഴിലുകളിൽ തൊഴിൽ യോഗ്യത ടെസ്റ്റ് നിർബന്ധമാക്കാനാണു ലക്ഷ്യമിടുന്നത്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News