സൗദിയിൽ ആറിടങ്ങളിൽ വരും ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നലിനും കാറ്റിനും സാധ്യത
മൂടൽമഞ്ഞ് രൂപപ്പെടാനിടയുള്ളതിനാൽ വാഹനമോടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം
Update: 2024-10-10 15:59 GMT
റിയാദ്: സൗദിയിൽ ആറിടങ്ങളിൽ വരും ദിവസങ്ങളിൽ മഴയുമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജീസാൻ, അസീർ, അൽബഹ, മക്ക എന്നിവിടങ്ങളിൽ ഇന്നു മുതൽ മഴ തുടരാനാണ് സാധ്യത. മഴയോടൊപ്പം കടുത്ത ഇടിമിന്നലുമുണ്ടാകും. ആലിപ്പഴം വർഷിച്ചു കൊണ്ടുള്ള മഴ പല ഭാഗങ്ങളിലായി എത്തും. ഹാഇൽ ഉൾപ്പെടെ പ്രദേശങ്ങളിലും മഴയെത്തും. ചിലയിടങ്ങളിൽ പൊടിക്കാറ്റുമെത്തും. വെള്ളക്കെട്ടിനും മഴവെള്ളപ്പാച്ചിലിനും സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണം. മലയുടെ താഴെ തമ്പടിക്കരുതെന്നും നിർദേശമുണ്ട്. മദീനയിലെയും മക്കയിലേയും ഉയർന്ന പ്രദേശങ്ങളിൽ കാറ്റിനൊപ്പമാകും മഴയെത്തുക. രാവിലെയും രാത്രിയും അസീർ, അൽബഹ എന്നിവിടങ്ങളിൽ മൂടൽമഞ്ഞുണ്ടാകും. ഇതിനാൽ വാഹനമോടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.