സൗദിയിൽ വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം
ശീതക്കാറ്റിനും മഞ്ഞ് വീഴ്ചക്ക് സാധ്യത, ജാഗ്രത പാലിക്കാൻ നിർദ്ദേശം
ദമ്മാം: സൗദിയിൽ വരും ദിവസങ്ങളിലും മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം. വടക്കൻ അതിർത്തി പ്രദേശങ്ങൾ, റിയാദ്, പടിഞ്ഞാറൻ, കിഴക്കൻ പ്രവിശ്യകളിൽ മഴയ്ക്കും ശീതക്കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഇവിടങ്ങളിൽ പുറപ്പെടുവിച്ച റെഡ്അലേർട്ട് പിൻവലിച്ചിട്ടുണ്ട്.
വടക്കൻ അതിർത്തി പ്രദേശങ്ങൾ, തബൂക്ക്, അസീർ, മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യയുടെ ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. ഒപ്പം ശീതക്കാറ്റും അനുഭവപ്പെടും. തബൂക്ക്, മക്ക, മദീന ഭാഗങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
രാത്രിയിലും പുലർച്ചെയും ശക്തമായ മഞ്ഞ് വീഴചയും അനുഭവപ്പെടാൻ സാധ്യതയുള്ളതായും അറിയിപ്പ് വ്യക്തമാക്കുന്നുണ്ട്. തബൂക്ക്, അൽ ജൗഫ്, വടക്കൻ അതിർത്തി പ്രദേശങ്ങൾ, ഹാഇൽ എന്നിവിടങ്ങളിൽ താപനില ഇനിയും കുറയും. ഇതിന്റെ പ്രതിഫലനം റിയാദ്, അൽഖസീം ഭാഗങ്ങളിലും അനുഭവപ്പെടുമെന്നും കേന്ദ്രം വ്യക്തമാക്കി.