റിയാദിൽ ഇന്ത്യൻ അംബാസഡർക്ക് സ്വീകരണം
ഇന്ത്യാ സൗദി ബന്ധം ഊഷ്മളമായെന്ന് അംബാസഡർ
ഇന്ത്യയുടെ സുപ്രധാന പങ്കാളിയാണ് സൗദി അറേബ്യയെന്ന് സൗദിയിലെ ഇന്ത്യൻ സ്ഥാനപതി ഡോ. സുഹൈൽ അജാസ് ഖാൻ. ഇന്ത്യൻ പ്രവാസി സമൂഹം റിയാദിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അംബാസഡർ. സൗദിയുമായി വിവിധ മേഖലകളിൽ ഇന്ത്യയുടെ സഹകരണം വർധിച്ചതായും അംബാസഡർ ചൂണ്ടിക്കാട്ടി.
റിയാദിൽ ഇന്ത്യൻ സമൂഹം നൽകിയ സ്വീകരണത്തിലാണ് അംബാസിഡർ സംസാരിച്ചത്. പ്രധാനമന്ത്രിയുടെ സൗദി സന്ദർശനവും കിരീടാവകാശിയുടെ ഇന്ത്യാ സന്ദർശനവും സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക രംഗത്ത് കൂടുതൽ മുന്നേറാൻ ഇരു രാജ്യങ്ങളേയും സഹായിച്ചു. കഴിഞ്ഞ വർഷം മന്ത്രിമാരുടെ നേതൃത്വത്തിലുളള ഉന്നത തല പ്രതിനിധി സംഘങ്ങൾ നടത്തിയ സന്ദർശനവും ബന്ധം ഊഷ്മളമാക്കി. 2021-22 വർഷം 42 ബില്യൺ ഡോളറിന്റെ വ്യാപാരമാണ് നടന്നത്. സാമൂഹിക, സാംസ്‌കാരിക രംഗത്തിന് പുറമെ അടിസ്ഥാന സൗകര്യ വികസനം, വിനോദം, ടെക്നോളജി എന്നിവ കൂടുതൽ അവസരം തുറന്നു തന്നിട്ടുണ്ട്. അടുത്ത കാലത്ത് സൽമാൻ ഖാൻ, അമിതാബ് ബച്ചൻ, ഷാരൂഖ് ഖാൻ എന്നിവരുടെ സൗദി സന്ദർശനവും സ്ഥാനപതി എടുത്തു പറഞ്ഞു.
25 ലക്ഷം വരുന്ന ഇന്ത്യക്കാർ സൗദിക്കും ഇന്ത്യക്കുമിടയിലെ പാലമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവാസി ക്ഷേമത്തിനായുള്ള പദ്ധതികളും അദ്ദേഹം എടുത്തു പറഞ്ഞു. പ്രവാസി കൂട്ടായ്മകൾ, വിവിധ സംസ്ഥാനങ്ങളിൽ നിന്നുളള പ്രതിനിധികൾ, പൗരപ്രമുഖർ, സാമൂഹിക, സാംസ്‌കാരിക പ്രവർത്തകർ എന്നിവർ സ്ഥാനപതിയായി എത്തിയ അദ്ദേഹത്തെ അഭിനന്ദിച്ചു.
ഇന്ത്യൻ കമ്യൂണിറ്റി സ്റ്റിയറിംഗ് കമ്മറ്റി ഒരുക്കിയ സ്വീകരണ പരിപാടിയിൽ ഷിഹാബ് കൊട്ടുകാട്, സാജൻ ലത്തീഫ്, നിയാസ് അഹമദ്, അഹ്മദ് ഇംതിയാസ്, മൈമൂന അബാസ്, സൈഗം ഖാൻ അബ്ദുൽ അഹദ് സിദ്ദീഖി തുടങ്ങി നിരവധി പേർ ആശംസകളറിയിച്ചു.