സൗദിയിലുള്ളവർക്ക് ഹജ്ജ് ചെയ്യാനുള്ള രജിസ്ട്രേഷൻ അടുത്ത ആഴ്ച ആരംഭിക്കും
ആഭ്യന്തര തീർഥാടകർക്കായി മൂന്നു തരം താമസ സൗകര്യങ്ങളാണ് മിനായിൽ ഒരുങ്ങുന്നത്
സൗദിക്കകത്തുള്ളവർക്ക് ഹജ്ജ് ചെയ്യുന്നതിനുള്ള രജിസ്ട്രേഷൻ നടപടികൾ അടുത്ത ആഴ്ച ആരംഭിക്കും. ഹജ്ജിനുള്ള ചിലവും അടുത്തയാഴ്ച അറിയാനാകും. ശവ്വാൽ ആദ്യവാരം ഹാജിമാർ മക്കയിൽ എത്തിത്തുടങ്ങും. ആഭ്യന്തര തീർഥാടകർക്കായി മൂന്നു തരം താമസ സൗകര്യങ്ങളാണ് മിനായിൽ ഒരുങ്ങുന്നത്. മിനയിലെ കെട്ടിടസമുച്ചയങ്ങൾ അഥവാ മിനാ ടവർ, കെദാൻ കമ്പനി വികസിപ്പിച്ച വിപുലമായ സൗകര്യങ്ങളോടുകൂടിയ ടെന്റുകൾ, മൂന്നാമത്തേത് സാധാരണ ടെന്റുകൾ എന്നിങ്ങനെ മൂന്ന് കാറ്റഗറിയിലാണ് മിനായിൽ ഹാജിമാരെ താമസിപ്പിക്കുക. കേദാൻ കമ്പനി വികസിപ്പിച്ച മിനായിലെ പുതിയ ടെന്റുകളിൽ ഹോട്ടലിന് സമാനമാകും സൗകര്യങ്ങൾ. ഇവക്കുപുറമേ ഹോസ്പിറ്റാലിറ്റി പ്ലസ് എന്ന പേരിൽ മക്കയിലെ ലൈസൻസുള്ള കെട്ടിടങ്ങളിൽ തീർത്ഥാടകരെ താമസിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.
തീർഥാടകരുടെ ആരോഗ്യവും സുരക്ഷയും പരിഗണിച്ച് പഴുതടച്ച ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. വികസിപ്പിച്ച ടെന്റുകളിൽ ആറു തീർത്ഥാടകരെ താമസിപ്പിക്കും. ഓരോ തീർത്ഥാടകനും 2.5 ചതുരശ്ര മീറ്റർ ആയിരിക്കും അനുവദിക്കുക. അതേസമയം സാധാരണ ടെന്റുകളിൽ 10 തീർത്ഥാടകരെ താമസിപ്പിക്കും ഒരു തീർഥാടകന് ശരാശരി 1.6 ചതുരശ്ര മീറ്റർ ആയിരിക്കും അനുവദിക്കുക. 10 ലക്ഷം തീർത്ഥാടകരാണ് ഇത്തവണ ഹജ്ജിനായി എത്തുന്നത്. ഒന്നരലക്ഷം ആഭ്യന്തര തീർത്ഥാടകർക്കാണ് ഇത്തവണ അവസരം. ഹജ്ജിനു മുന്നോടിയായാണ് മക്കയിലും ഹജ്ജ് കേന്ദ്രങ്ങളിലും തകൃതിയായ മുന്നൊരുക്കങ്ങൾ പുരോഗമിക്കുകയാണ്.