പുകവലി വിരുദ്ധ നിയമം പരിഷ്കരിച്ചു; 21 വയസിന് താഴെയുള്ളവർക്ക് സിഗരറ്റ് വിൽക്കാൻ പാടില്ല
പുകവലി വിരുദ്ധ നിയമത്തിൽ സൗദി ശൂറാ കൗൺസിൽ ഭേദഗതി വരുത്തി.
ജിദ്ദ: സിഗരറ്റും പുകയില ഉൽപന്നങ്ങളും വിൽക്കുന്നതിലെ നിയന്ത്രണങ്ങൾ കർശനമാക്കി കൊണ്ടാണ് ഭേദഗതി. 21 വയസിനു താഴെയുളളവർക്ക് സിഗരറ്റും പുകയിലെ ഉൽപ്പന്നങ്ങളും വിൽക്കാൻ പാടില്ലെന്ന് പരിഷ്കരിച്ച ചട്ടം അനുശാസിക്കുന്നു.
നിയന്ത്രണങ്ങൾ കർശനമാക്കികൊണ്ടാണ് പുകവലി വിരുദ്ധ നിയമം സൗദി ശൂറ കൗൺസിൽ ഭേദഗതി ചെയ്തത്. പരിഷ്കരിച്ച നിയമമനുസരിച്ച് 21 വയസ്സിൽ താഴെയുള്ളവർക്ക് സിഗരറ്റോ, പുകയില ഉൽപ്പന്നങ്ങളോ വിൽക്കാൻ പാടില്ല. ഇത് വരെ 18 വയസിന് മുകളിലുള്ളവർക്ക് പുകയില ഉൽപ്പന്നങ്ങൾ വിൽക്കാൻ അനുവാദമുണ്ടായിരുന്നു. മസ്ജിദുകൾ, മന്ത്രാലയങ്ങൾ, സർക്കാർ വകുപ്പുകൾ, പൊതുസ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യ, സ്‌പോർട്‌സ്, സാംസ്‌കാരിക, സാമൂഹിക സ്ഥാപനങ്ങൾ എന്നിവയുടെ പരിസരങ്ങളിൽ പുകവലിക്കുന്നതും പുതിയ നിയമം കർശനമായി വിലക്കുന്നു.
നിശ്ചിത എണ്ണവും വലിപ്പവും ഉള്ള അടച്ചിട്ടുളള പാക്കറ്റുകളിൽ മാത്രമേ ഇവ വിൽക്കാൻ പാടുള്ളൂ. പൊതു ഗതാഗത സംവിധാനങ്ങളിലും, വെൻ്റിംഗ് മെഷീൻ വഴിയും ഇവ വിൽക്കാൻ പാടില്ല. കൂടാതെ വില കുറച്ച് വിൽക്കരുതെന്നും, പുകവലിയുടെ ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകുന്ന പോസ്റ്റർ വിൽപന സ്ഥലത്ത് പതിക്കണമെന്നും നിയമം അനുശാസിക്കുന്നു. പുകവലിക്കായി പ്രത്യേകം സജ്ജീകരിക്കുന്ന സ്ഥലങ്ങളിലേക്ക് 21 വയസിൽ താഴെയുള്ളവർക്ക് പ്രവേശനം അനുവദിക്കാൻ പാടില്ലെന്നും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.