സൗദിയിൽ ഐ.ടി, ടെലി കമ്മ്യൂണിക്കേഷൻ ജോലികൾ സൗദിവൽക്കരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു

പദ്ധതി നടപ്പിലാകുന്നതോടെ ഈ മേഖലയിൽ ജോലിചെയ്യുന്ന മലയാളികളുൾപ്പെടെ നിരവധി പേർക്ക് തൊഴിൽ നഷ്ടമായേക്കും.

Update: 2021-06-27 18:47 GMT
Editor : Nidhin | By : Web Desk
Advertising

സൗദിയിൽ ഐ.ടി, ടെലി കമ്മ്യൂണിക്കേഷൻ ജോലികൾ സൗദിവൽക്കരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഈ മേഖലയിൽ അഞ്ചിലേറെ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കാണ് സ്വദേശിവത്കരണം ബാധകമാകുക. 25 ശതമാനമാണ് ഇപ്പോൾ നടപ്പാക്കുന്ന സൗദിവത്കരണം. പദ്ധതി നടപ്പിലാകുന്നതോടെ ഈ മേഖലയിൽ ജോലിചെയ്യുന്ന മലയാളികളുൾപ്പെടെ നിരവധി പേർക്ക് തൊഴിൽ നഷ്ടമായേക്കും.

സ്വകാര്യ മേഖലയിൽ ഐ.ടി-ടെലി കമ്മ്യൂണിക്കേഷൻസ് ജോലികളിലെ സൗദിവൽക്കരണം ജൂൺ 27 മുതൽ നടപ്പിലാക്കുമെന്ന് കഴിഞ്ഞ വർഷം ഒക്ടോബറിൽ തന്നെ മാനവവിഭവ ശേഷി സാമൂഹിക വികസനമന്ത്രി എന്‍ജിനീയർ അഹമ്മദ് ബിൻ സുലൈമാൻ അൽ രാജിഹി പ്രഖ്യാപിച്ചിരുന്നു.

ഇതനുസരിച്ച് ഇന്ന് മുതൽ ഈ മേഖലകളിലെ ജോലികളിൽ സ്വദേശിവൽക്കരണ നടപടികൾക്ക് തുടക്കമായി. അഞ്ചോ അതിൽ കൂടുതലോ ജീവനക്കാരുളള സ്ഥാപനങ്ങളിലാണ് ഇപ്പോൾ പദ്ധതി നടപ്പിലാക്കുന്നത്. ഓരോ വിഭാഗം ജോലികളിലും 25 ശതമാനം സൗദിവൽക്കരിക്കും. ഇതിലൂടെ സ്വദേശികൾക്ക് 9,000 ത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഐ.ടി ആന്‍ഡ് കമ്മ്യൂണിക്കേഷൻസ് മേഖലയിലെ വിവിധ എഞ്ചിനീയറിംഗ് ജോലികൾ, ആപ്ലിക്കേഷൻ ഡെവലപ്പ്‌മെന്റ്, പ്രോഗ്രാമിംഗ് ആന്റ് അനാലിസിസ് ജോലികൾ, ടെക്‌നിക്കൽ സപ്പോർട്ട് ജോലികൾ, ടെലികോം മേഖലയിലെ ടെക്‌നിക്കൽ ജോലികൾ എന്നീ തസ്തികകളിലാണ് ഇപ്പോൾ 25 ശതമാനം സ്വദേശിവൽക്കരിക്കുക.

ഇത്തരം ജോലികളിലെ 60 ശതമാനവും വൻകിട കമ്പനികളിലാണെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രത്യേക പ്രൊഫഷനലുകൾക്ക് ഏഴായിരം റിയാലും, ടെക്‌നീഷ്യൻമാർക്ക് 5,000 റിയാലുമാണ് അടിസ്ഥാന വേതനം നിശ്ചയിച്ചിരിക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നതോടെ മലയാളികളുൾപ്പെടെ നിരവധി വിദേശികൾക്ക് തൊഴിൽ നഷ്ടമാകുമെന്നാണ് സുചന.

Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News