ഹജ്ജൊരുക്കങ്ങളിലേക്ക് സൗദി അറേബ്യ; ഈ മാസാവസാനം ആദ്യ സംഘം മക്കയിലെത്തും
ദുല്‍ഖഅദ് അവസാനത്തോടെ എല്ലാ വിദേശ തീര്‍ഥാടകരും സൗദിയില്‍ നിന്നു മടങ്ങണം. ഹജ്ജിന് ശേഷമായിരിക്കും അടുത്ത ഉംറ സീസണ്‍ ആരംഭിക്കുക.
ഈ സീസണിലെ ഉംറ വിസയ്ക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ഇന്നായിരിക്കുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം. ഇന്നു വരെ ഉംറക്കായി അപേക്ഷിച്ചവർ ഹജ്ജിന്റെ സമയത്തിന് മുന്നോടിയായി മടങ്ങേണ്ടി വരും. ഹജ്ജിനെത്തുന്ന തീർഥാടകരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ മക്കയിലും മദീനയിലും പുരോഗമിക്കുകയാണ്.
ഈ മാസം 31ന് ആദ്യ ഹജ്ജ് സംഘം സൗദിയിലെത്തും. ദുല്‍ഖഅദ് അവസാനത്തോടെ എല്ലാ വിദേശ തീര്‍ഥാടകരും സൗദിയില്‍ നിന്നു മടങ്ങണം. ഹജ്ജിന് ശേഷമായിരിക്കും അടുത്ത ഉംറ സീസണ്‍ ആരംഭിക്കുക. അതേസമയം, ദുല്‍ഖഅദ് ഒന്നു മുതല്‍ വിദേശ ഹജ്ജ് തീര്‍ഥാടകര്‍ സൗദിയില്‍ എത്തും. ആദ്യ ദിവസം സൗദിയിലെത്തുന്ന തീര്‍ഥാടകരില്‍ ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകരും ഉണ്ടാകും. ഹജ്ജിന്റെ ഒരുക്കങ്ങൾ മക്കയിലും മദീനയിലും പുരോഗമിക്കുകയാണ്. ഹാജിമാർക്കുള്ള താമസ കേന്ദ്രങ്ങളുടെ ഒരുക്കങ്ങളും വിലയിരുത്തുന്നുണ്ട്.
ഇന്ത്യയിലെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ ഉൾപ്പെടെയുള്ള പ്രതിനിധികൾ തീർഥാടകർക്കുള്ള സൗകര്യങ്ങൾ വിലയിരുത്താൻ എത്തിയിട്ടുണ്ട്. മിനായിൽ ഹാജിമാർക്കുള്ള സൗകര്യങ്ങൾ പൂർത്തിയാവുകയാണ്. ലോകത്തു നിന്നാകെ ഇത്തവണ പത്ത് ലക്ഷം പേരാണ് ഹജ്ജിനെത്തുക. ഇന്ത്യയില്‍ നിന്ന് 79,237 തീര്‍ത്ഥാടകര്‍ ഹജ്ജ് നിര്‍വഹിക്കുന്നത്. കേരളത്തിൽ നിന്നും 5747 പേർക്കാണ് അവസരം.