പ്രീമിയം ഇഖാമകള്‍ക്കുള്ള നിബന്ധനകള്‍ പുറത്തിറക്കി സൌദി
യോഗ്യതകള്‍ പ്രീമിയം റെസിഡന്‍സി പോര്‍ട്ടല്‍ വഴി അറിയാം
സൗദിയിലേക്ക് മികച്ച നിക്ഷേപകരെയും പ്രതിഭകളെയും ആകര്‍ഷിക്കുന്നതിന് ലക്ഷ്യമിട്ട് പ്രഖ്യാപിച്ച പ്രീമിയം ഇഖാമകള്‍ക്കുള്ള നിബന്ധനകള്‍ പുറത്തിറക്കി. ഇഖാമക്കുള്ള യോഗ്യതകളും അപേക്ഷയും പ്രീമിയം റെസിഡന്‍സി പോര്‍ട്ടല്‍ വഴി ലഭ്യമാകും.
അഞ്ച് വിഭാഗങ്ങള്‍ക്കാണ് പുതിയ മാനദണ്ഡപ്രകാരം പ്രീമിയം ഇഖാമകള്‍ അനുവദിക്കുക. സ്‌പെഷല്‍ ടാലന്റ് റെസിഡന്‍സിയാണ് ഇവയില്‍ ആദ്യത്തേത്. ആരോഗ്യ, ശാസ്ത്ര, ഗവേഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷനലുകള്‍, രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളിലെ ഉയര്‍ന്ന തസ്തികകളിലുള്ള എക്‌സിക്യൂട്ടീവുകള്‍ എന്നിവര്‍ക്കാണ് ഇഖാമ അനുവദിക്കുക.
പ്രൊഫഷനലുകള്‍ക്ക് 35000 റിയാലും, ഗവേഷകര്‍ക്ക് 14000 റിയാലും, എക്‌സിക്യൂട്ടീവുകള്‍ക്ക് 80000 റിയാലും കുറഞ്ഞ വേതനമുണ്ടായിരിക്കണം. അഞ്ച് വര്‍ഷത്തേക്കാണ് പ്രീമിയം റെസിഡന്‍സ് അനുവദിക്കുക. 4000 റിയാല്‍ ഫീസ് വരുന്ന ഇഖാമ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാല്‍ പുതുക്കാനുള്ള അവസരമുണ്ടാകും.
കലാ, കായിക, സാംസ്‌കാരിക മേഖലകളിലെ വിദഗ്ദര്‍ക്ക് അനുവദിക്കുന്ന ഗിഫ്റ്റഡ് റെസിഡന്‍സിയാണ് രണ്ടാമത്തേത്. കായിക മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയാണ് ഇതിന്റെ യോഗ്യത. 4000 റിയാല്‍ ഫീസ് വരുന്ന അഞ്ച് വര്‍ഷ ഇഖാമയാണിതും. നിബന്ധനകള്‍ക്ക് വിധേയമായി പുതുക്കുകയും അനിശ്ചിതമായി കാലാവധി നീട്ടി നല്‍കുകയും ചെയ്യും.
നിക്ഷേപകര്‍ക്കുള്ള ഇന്‍വെസ്റ്റര്‍ റെസിഡന്‍സിയാണ് മൂന്നമത്തേത്. സൗദി നിക്ഷേപ മന്ത്രാലയത്തിന്റെ നിക്ഷേപക ലൈസന്‍സ്, ആദ്യ രണ്ട് വര്‍ഷത്തിനുള്ളിൽ 70 ലക്ഷം റിയാലില്‍ കുറയാത്ത നിക്ഷേപം, കുറഞ്ഞത് പത്ത് പേര്‍ക്ക് തൊഴിലവസരം സൃഷ്ടിക്കല്‍ എന്നിവയാണ് യോഗ്യത. 4000 റിയാല്‍ വരുന്ന 5 വര്‍ഷ ഇഖാമയോ സ്ഥിരതാമസ ഇഖാമയോ അനുവദിക്കും.
എന്റര്‍പ്രിണര്‍ റെസിഡന്‍സിയാണ് അടുത്തത്. നാല് ലക്ഷം മുതല്‍ പതിനഞ്ച് ദശലക്ഷം വരെ നിക്ഷേപം ഉണ്ടാകുക, സ്റ്റാര്‍ട്ടപ്പിൽ 20 ശതമാനം വിഹിതമുണ്ടാകുക, ആദ്യ വര്‍ഷം10 പേര്‍ക്കും രണ്ടാം വര്‍ഷം 20 പേര്‍ക്ക് തൊഴില്‍സാധ്യത സൃഷ്ടിക്കുക തുടങ്ങിയവയാണ് യോഗ്യതകള്‍.
റിയല്‍ എസ്‌റ്റേറ്റ് ഓണര്‍ റെസിഡന്‍സിയാണ് അവസാനത്തേത്. 40 ലക്ഷം റിയാലില്‍ കുറയാത്ത മൂല്യമുള്ള റിയല്‍ എസ്‌റ്റേറ്റ് ആസ്തി ഉണ്ടായിരിക്കുക, വസ്തു താമസ കെട്ടിടമായിരിക്കുക, വസ്തു പണയപ്പെടുത്താതിരിക്കുക തുടങ്ങിയവയാണ് ഇവക്കുള്ള നിബന്ധനകള്‍.