സൗദിയില്‍ റെയില്‍വേ ശൃംഖല വിപുലീകരിക്കുമെന്ന് നിക്ഷേപ മന്ത്രി
രാജ്യത്ത് നിക്ഷേപ നിയമത്തിന്റെ കരട് തയ്യാറാക്കല്‍ നടപടികള്‍ സജീവമായി നടക്കുകയാണെന്ന് സൗദി നിക്ഷേപ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് അറിയിച്ചു. റിയാദില്‍ ഇന്നലെ നടന്ന അന്താരാഷ്ട്ര ഖനന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ റയില്‍വേ ശൃംഖല 14,000 കിലോമീറ്ററിലേക്ക് വ്യാപിപ്പിക്കുമെന്ന് മന്ത്രി എടുത്ത് പറഞ്ഞു. ബിസിനസ് രംഗത്തെ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നായി സൗദി മാറുകയാണെന്നും, വാണിജ്യ കോടതികളുമായി ബന്ധപ്പെട്ട് രാജ്യത്തെ നീതിന്യായ വ്യവസ്ഥ നിരവധി പരിഷ്‌കാരങ്ങളിലൂടെ കടന്നുപോയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് വാണിജ്യ ആര്‍ബിട്രേഷന്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടന്നുവരികയാണ്. ജസാന്‍ നഗരത്തില്‍ ഒരു വ്യാവസായിക മേഖല തന്നെ ഏതാണ്ട് പൂര്‍ത്തിയായി വരുന്നതായും അദ്ദേഹം പറഞ്ഞു. കൂടാതെ രാജ്യത്തിന്റെ തെക്കുപടിഞ്ഞാറുള്ള നിരവധി ഖനന മേഖലകളുടെ വികസനപ്രവര്‍ത്തനങ്ങളും സജീവമാണ്. കിങ് അബ്ദുല്ല എക്കണോമിക് സിറ്റി ഉടന്‍ പ്രത്യേക സാമ്പത്തിക മേഖലയായി മാറുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.