സൗദി പ്രവാസികൾക്ക് ആശ്വാസം; ഖത്തർ വഴി സൗദിയിലേക്ക് പ്രവേശിക്കാം
ഖത്തറിൽ പതിനാല് ദിവസം തങ്ങിയ ശേഷമാണ് സൗദിയിലേക്ക് പ്രവേശിക്കാനാകുക.
ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ട് ഇന്ത്യയിൽ നിന്നും ഖത്തർ വഴി പ്രവാസിക സൗദിയിലെത്തി തുടങ്ങി. ഖത്തറിൽ പതിനാല് ദിവസം തങ്ങിയ ശേഷമാണ് സൗദിയിലേക്ക് പ്രവേശിക്കാനാകുക. ആയിരകണക്കിന് പ്രവാസികളാണ് ഖത്തർ വഴി സൗദിയിലേക്ക് വരുന്നതിനായി കാത്തിരിക്കുന്നത്.
ഖത്തറിലേക്ക് ഓൺഅറൈവൽ വിസ സംവിധാനം പുനരാരംഭിച്ചിരുന്നുവെങ്കിലും, അത് വഴി സൗദിയിലേക്ക് പ്രവേശിക്കാനാകുമോ എന്ന ആശങ്കയിലായിരുന്നു സൗദി പ്രവാസികൾ. ഈ ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ടാണ് ഇപ്പോൾ ഖത്തർ വഴി സൗദിയിലേക്ക് പ്രവാസികൾ പ്രവേശിച്ച് തുടങ്ങിയത്. ഖത്തറിലേക്കുള്ള യാത്രക്ക് മുമ്പ് തന്നെ മുഴുവൻ രേഖകളും ശരിപ്പെടുത്തിവെച്ചാൽ നടപടിക്രമങ്ങൾ എളുപ്പമാകും.
ചുരുങ്ങിയത് ആറ് മാസം കാലാവധിയുള്ള പാസ്‌പോർട്ട്, മടക്കയാത്ര ഉൾപ്പെടെയുള്ള വിമാനടിക്കറ്റ്, ഖത്തറിൽ താമസിക്കുന്നതിനുള്ള ഹോട്ടൽ ബുക്കിംഗ്. ഖത്തർ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ്, കോവിഡ് ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്, യാത്രക്ക് 12 മണിക്കൂർ മുമ്പ് നേടിയ ഖത്തർ ഇഹ്ത്തിറാസിന്റെ അപ്രൂവൽ.കൈവശമായോ, അക്കൗണ്ടിലോ 5,000 ഖത്തർ റിയാൽ ഉണ്ടായിരിക്കുക എന്നിവയാണ് ഖത്തറിൽ ഓൺഅറൈവൽ വിസ ലഭിക്കുന്നതിനുള്ള വ്യവസ്ഥകൾ. ഖത്തറിൽ 14 ദിവസം പൂർത്തിയാക്കിയവർക്ക് പിന്നീട് സൗദിയിലേക്ക് യാത്ര ചെയ്യാം.
സൗദിയിലേക്കുള്ള യാത്ര പുറപ്പെടുന്നതിന് മുമ്പ് ദോഹ വിമാനതാവളത്തിൽ രേഖകൾ പല സ്ഥലങ്ങളിൽ പരിശോധിക്കുന്നതായി യാത്രക്കാർ വ്യക്തമാക്കുന്നു. ഇത്തരം രേഖകൾ പ്രിന്റ് എടുത്ത് കൈവശം വെക്കണമെന്നാണ് ഖത്തർ വഴി യാത്രക്കൊരുങ്ങുന്നവരോട് ഇവർക്ക് പറയാനുള്ളത്. സൗദി വിസ സംബന്ധിച്ച് ചെറിയ അനിശ്ചിതത്വം ദോഹ വിമാനതാവളത്തിൽ വെച്ചുണ്ടായെങ്കിലും മുതിർന്ന ഉദ്യോഗസ്ഥർ എത്തി പരിഹരിച്ചുവെന്നും യാത്രക്കാർ പറഞ്ഞു.തവക്കൽനാ സ്റ്റാറ്റസ് ഇമ്മ്യൂണായ ശേഷമാണ് സൗദിയിലെത്തുന്നതെങ്കിൽ ഇൻസ്റ്റിറ്റിയൂഷൻ ക്വാറന്റൈനിൽ ഇളവ് ലഭിക്കും. ഇത് വഴി വൻതുക ലാഭിക്കാനുമാകും.