പെർമിറ്റില്ലാതെ ഹജ്ജ് ചെയ്യുന്നത് അനുവദനീയമല്ലെന്ന് സൗദി ഗ്രാൻഡ് മുഫ്തി
വ്യാജമായി നുസുക് ഹജ്ജ് കാർഡ് നിർമിച്ച് വിതരണം ചെയ്തിരുന്ന നാല് വിദേശികളെ കഴിഞ്ഞ ദിവസം മക്കയിൽ അറസ്റ്റ് ചെയ്തിരുന്നു
മക്ക: പെർമിറ്റില്ലാതെ ഹജ്ജ് ചെയ്യുന്നത് അസ്വീകാര്യമാണെന്ന് സൗദി ഗ്രാൻഡ് മുഫ്തി. അനുമതി പത്രമില്ലാതെ ഹജ്ജ് ചെയ്യൽ പാപമാണന്നും ഇത് അനുവദനീയമല്ലെന്നും സൗദി ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുൽ അസീസ് ആലു ശൈഖ് പറഞ്ഞു. കുത്തിവെപ്പുൾപ്പെടെ ആവശ്യമായ പ്രതിരോധ സുരക്ഷ നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 12 ലക്ഷത്തോളം തീർഥാടകർ ഇത് വരെ പുണ്യഭൂമിയിലെത്തി. എല്ലാ തീർഥാടകർക്കും മികച്ച സേവനം ഉറപ്പാക്കുന്നതിന് എല്ലാവരും നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും കർശനമായും പാലിക്കണമെന്ന് ഹജ്ജ്, ഉംറ മന്ത്രി തൗഫീഖ് അൽ റബിഅ പറഞ്ഞു.
ഹജ്ജിനെ കുറിച്ചുള്ള വ്യാജ പ്രചാരണങ്ങൾ, ഇലക്ട്രോണിക് തട്ടിപ്പുകൾ എന്നിവക്കെതിരെ ആഗോള തലത്തിൽ 20 ലധികം രാജ്യങ്ങളിൽ അന്താരാഷ്ട്ര ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. കൂടാതെ അനുമതിയില്ലാതെ ഹജ്ജ് പാടില്ല എന്ന തലക്കെട്ടിൽ ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ രാജ്യത്തിനകത്തും ശക്തമായ കാമ്പയിൻ നടന്ന് വരുന്നുണ്ട്. ഹജ്ജ് പെർമിറ്റില്ലാത്തവരെ മക്കയിലേക്ക് കടത്താൻ ശ്രമിക്കുന്നവർക്ക് 15 ദിവസം തടവും, ഒരു യാത്രക്കാരന് 10,000 റിയാൽ എന്ന തോതിൽ പിഴയുമാണ് ശിക്ഷ. കൂടാതെ വാഹനം കണ്ടുകെട്ടുകയും പ്രാവാസികളെ ശിക്ഷാ കാലാവധിക്ക് ശേഷം നാടുകടുത്തുകയും ചെയ്യും.
വ്യാജമായി നുസുക് ഹജ്ജ് കാർഡ് നിർമിച്ച് വിതരണം ചെയ്തിരുന്ന നാല് വിദേശികളെ കഴിഞ്ഞ ദിവസം മക്കയിൽ അറസ്റ്റ് ചെയ്തിരുന്നു. സന്ദർശക വിസയിൽ കഴിഞ്ഞിരുന്ന ഈജിപ്ഷ്യൻ പൗരന്മാരായ ഒരു പുരുഷനും മൂന്ന് സ്ത്രീകളുമാണ് അറസ്റ്റിലായത്. ഇത്തരം തട്ടിപ്പു സംഘങ്ങളെ സൂക്ഷിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഇടനിലക്കാരെയോ ടൂറിസം ഓഫീസുകളെയോ ആശ്രയിക്കാതെ ഓൺലൈനായി നേരിട്ട് ഹജ്ജിന് അപേക്ഷിക്കാനുള്ള സൗകര്യം ഇത്തവണ 126 രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. കൂടാതെ തീർഥാടകർക്ക് മികച്ച സേവനം നൽകുന്നതിനായി 1,20,000 ത്തിലധികം തൊഴിലാളികൾക്കും തീർഥാടക സംഘങ്ങളുടെ നേതൃത്വങ്ങൾക്കും പരിശീലനവും നൽകിയിട്ടുണ്ട്. ഇതിനായി രാജ്യത്തിനകത്ത് 2,500-ലധികവും, അന്താരാഷ്ട്ര തലത്തിൽ 10 ലധികവും പരിശീലന ശിൽപശാലകൾ നടത്തിയതായും ഹജ്ജ് ഉംറ മന്ത്രി തൗഫീഖ് അൽ-റബിയ പറഞ്ഞു.