ഹജ്ജിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു; വിദേശ രാജ്യങ്ങളുടെ ആരോഗ്യ സ്ഥിതിവിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി

കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം വിദേശ തീര്‍ഥാടകരെ പങ്കെടുപ്പിച്ചുള്ള ആദ്യ ഹജ്ജാവും ഈ വര്‍ഷത്തേത്

Update: 2022-03-27 16:54 GMT
Advertising

ഈ വര്‍ഷത്തെ ഹജ്ജിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി സൗദി അറേബ്യ. ആദ്യപടിയായി 192 രാജ്യങ്ങളുടെ ആരോഗ്യ സ്ഥിതിവിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി. വിദേശ രാജ്യങ്ങളിലെ ആരോഗ്യ സ്ഥിതി വിവരം പരിശോധിച്ചാകും ഹജ്ജിനുള്ള അനുമതി നൽകുക. ഇത്തവണ എത്ര പേരെ ഹജ്ജില്‍ പങ്കെടുപ്പിക്കുമെന്ന കാര്യത്തിലും ഇതിനു ശേഷമാകും തീരുമാനം.

കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം വിദേശ തീര്‍ഥാടകരെ പങ്കെടുപ്പിച്ചുള്ള ആദ്യ ഹജ്ജാവും ഈ വര്‍ഷത്തേത്. കുറ്റമറ്റ രീതിയില്‍ സുരക്ഷിതമായി ഹജ്ജ് പൂര്‍ത്തിയാക്കുന്നതിനുള്ള വഴികളാണ് രാജ്യം ആലോചിക്കുന്നത്. എന്നാല്‍ ഇത്തവണത്തെ ഹജ്ജില്‍ എത്ര പേരെ പങ്കെടുപ്പിക്കും എന്ന കാര്യത്തില്‍ തീരുമാനം കൈകൊണ്ടിട്ടില്ലെന്ന് ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി.

നിലവിലെ സ്ഥിതിവിവരങ്ങള്‍ വിലയിരുത്തിയ ശേഷമായിരിക്കും ഇതില്‍ അന്തിമ തീരുമാനം എടുക്കുക. കോവിഡിന്റെ വകഭേദങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുന്നതും പൂര്‍ണ്ണ മുക്തി നേടാത്തതുമാണ് കാരണം. കോവിഡിന്‍റെ നിലവിലെ അവസ്ഥയും പ്രതിരോധ നടപടികളും ഭാവിയില്‍ ഉണ്ടായേക്കാവുന്ന വകഭേദങ്ങളും ഉള്‍പ്പെടെയുള്ളവ മികച്ച സാങ്കേതിക വിദ്യയുടോ സഹായത്തോടെ പഠിച്ചു വരികയാണെന്ന് ആരോഗ്യ മന്ത്രാലയ വിഭാഗം സി.ഇ.ഒ ഡോ. അബ്ദുല്ല അല്‍ഖുവൈസാനി പറഞ്ഞു. ലക്ഷങ്ങള്‍ സമ്മേളിക്കുന്ന ഹജ്ജില്‍ ആരോഗ്യത്തിന് വെല്ലുവിളിയാകുന്ന ഒന്നിനും ഇടം നല്‍കരുതെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News